Asianet News MalayalamAsianet News Malayalam

'പ്രണയമേ നിന്നിലേക്ക് നടന്നൊരെന്‍ വഴികള്‍...'; ഓര്‍മകള്‍ പൂക്കുന്ന ഒരു ഒത്തുചേരല്‍

കാലടി സംസ്കൃത സർവകലാശാല ക്യാമ്പസ് രൂപീകൃതമായിട്ട് 25 വർഷങ്ങളായി. ഈ കാലയളവിനിടയിൽ ക്യാമ്പസിന് പറയാനുള്ളത് നൂറുകണക്കിന് പ്രണയകഥകളാണ്. ആ ഓർമകൾ വീണ്ടും ഓർത്തെടുക്കുകയായിരുന്നു ഈ ഒത്തുചേരലിലൂടെ

couples who starts love from kalady sanskrit university meets
Author
Kalady, First Published Oct 13, 2019, 9:44 AM IST

കാലടി: ക്യാമ്പസിന്‍റെ ഇടനാഴികളിലും മരച്ചുവട്ടിലും പൂത്ത് തളിര്‍ത്ത പ്രണയങ്ങള്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഒത്തുകൂടി. എല്ലാം മറന്ന് അവര്‍ ആ പഴയ കാലത്തിന്‍റെ ഓര്‍മകളിലേക്ക് വീണ്ടും തിരികെ പോയി. തങ്ങളുടെ പ്രണയം പൂത്തുലഞ്ഞ ആ ക്യാമ്പസ് കാലത്തിന്‍റെ സുന്ദര മുഹൂര്‍ത്തങ്ങള്‍ പരസ്പരം പങ്കുവെച്ചു. 

കാലടി സംസ്കൃത സ‍ർവകലാശാലയാണ് വ്യത്യസ്ഥമായൊരു ഒത്തുചേരൽ സാക്ഷിയായത്. കഴിഞ്ഞ 25 വർഷത്തിനിടയിൽ സർവകലാശാലയിൽ വിദ്യാർത്ഥികളായിരിക്കെ പ്രണയിച്ച് വിവാഹിതരായവരാണ് ക്യാമ്പസില്‍ വീണ്ടും ഒത്തുചേർന്നത്. കാലടി സംസ്കൃത സർവകലാശാല ക്യാമ്പസ് രൂപീകൃതമായിട്ട് 25 വർഷങ്ങളായി.

ഈ കാലയളവിനിടയിൽ ക്യാമ്പസിന് പറയാനുള്ളത് നൂറുകണക്കിന് പ്രണയകഥകളാണ്. ആ ഓർമകൾ വീണ്ടും ഓർത്തെടുക്കുകയായിരുന്നു ഈ ഒത്തുചേരലിലൂടെ. ക്യാമ്പസിന്‍റെ ആദ്യ ബാച്ചിൽ നിന്ന് പഠിച്ചിറങ്ങിയ പ്രണയ വിവാഹിതർ മുതൽ ഇക്കൊല്ലം പ്രണയിച്ച് വിവാഹിതരായവർ വരെ സംഗമത്തിനെത്തി.

സാഫല്യം എന്ന് പേരിട്ട ഒത്തുചേരലിൽ സിനിമ നടൻ അപ്പാനി ശരത്തടക്കമുള്ള നൂറുകണക്കിന് ദമ്പതികളാണ് പങ്കെടുത്തത്. തങ്ങളുടെ പ്രണയം പൂവണിഞ്ഞ ക്യാമ്പസിലെ വിവിധ സ്ഥലങ്ങളിലെത്തി പഴയകാല ഓർമകളിലേക്ക്  അവർ തിരികെ നടന്നു. പലരും കുട്ടികളുമായാണ് ചടങ്ങിനെത്തിയത്.

ദമ്പതികള്‍ അവരുടെ ഓർമകള്‍ കോളജിലെ വിദ്യാർത്ഥികളുമായി  പങ്കുവെച്ചു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ കോളജിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഒത്തുചേരൽ സംഘടിപ്പിച്ചത്. ചടങ്ങ് വൈസ് ചാൻസിലർ ഡോ. ധർമ്മരാജാണ് ഉദ്ഘാടനം ചെയ്തത്. 

Follow Us:
Download App:
  • android
  • ios