വാലി ഇറിഗേഷൻ കേസിൽ സര്‍ക്കാറിനുള്ള കോടതിയുടെ 'പണി'; മൂവാറ്റുപുഴ ആര്‍ടിഒയുടെ വണ്ടി ജപ്തി ചെയ്തു
മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ പിറവം സ്വദേശി പിറവം ശ്രീനിലയത്തിൽ അജിത് കുമാർ നൽകിയ ഹർജിയെ തുടർന്നാണ് നടപടി
മൂവാറ്റുപുഴ: ആർടിഒയുടെ ഔദ്യോഗിക വാഹനം കോടതി ജപ്‌തി ചെയ്തു. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ പിറവം സ്വദേശി പിറവം ശ്രീനിലയത്തിൽ അജിത് കുമാർ നൽകിയ ഹർജിയെ തുടർന്നാണ് മൂവാറ്റുപുഴ സബ് കോടതിയുടെ നടപടി. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ കനാൽ വികസനത്തിനായി അജിത് കുമാർ തിരുമാറാടി പഞ്ചായത്തിലുളള തന്റെ കൃഷിഭൂമിയിൽ നിന്ന് 11.6 സെന്റ് സ്ഥലം 1996 ൽ വിട്ടു നൽകിയിരുന്നു.
ഇതിന്റെ വിലയായ നാല് ലക്ഷത്തി പതിനെണ്ണായിരം രൂപ കിട്ടാത്തതിനെ തുടർന്ന് 2008 ൽ കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും തുക ലഭിക്കാതെ വന്നതോടെ വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അജിത് കുമാർ വീണ്ടും മൂവാറ്റുപുഴ സബ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കോടതി പരാതിക്കാരന്റെ ആവശ്യപ്രകാരം മൂവാറ്റുപുഴ ആർടിഒ. യുടെ വാഹനം ജപ്തി ചെയ്യാൻ ഉത്തരവിട്ടത്.
തുടർന്ന് പൊലീസിന്റെ സഹായത്തോടെ കോടതി ആമീൻ മൂവാറ്റുപുഴ ആർ ടി ഒ. ഓഫീസിൽ എത്തി വാഹനം ജപ്തി ചെയ്ത് കോടതി മുറ്റത്ത് എത്തിച്ചു. മോട്ടർ വാഹന വകുപ്പിൻറെ വിവിധ ജോലികൾക്ക് വാഹനം അനിവാര്യമാണെന്നും കോടതി ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കാമെന്നും ആർടിഒ ഉറപ്പു നൽകിയതിനെ തുടർന്ന് വാഹനം താൽക്കാലികമായി കോടതി വിട്ടു നൽകി.