നഗരത്തിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിക്ക് 50000 പിഴ ഈടാക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെത്തുടർന്നായിരുന്നു തിരുവനന്തപുരം സബ്ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
തിരുവനന്തപുരം: നഗരത്തിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിക്ക് 50000 പിഴ ഈടാക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെത്തുടർന്നായിരുന്നു തിരുവനന്തപുരം സബ്ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടെ നടപടി. മുട്ടത്തറ പള്ളിത്തെരുവ് സ്വദേശി ഷമീറി(30) നാണ് പിഴ വിധിച്ചത്.
നിരവധി കേസുകളിലെ പ്രതിയായ ഇയാൾ കോടതിയിൽ നിന്നും ജാമ്യം എടുത്തായിരുന്നു പുറത്തിറങ്ങിയത്. എന്നാൽ പിന്നാലെ ജാമ്യം വ്യവസ്ഥ ലംഘിച്ച് അക്രമം, അടിപിടി, നരഹത്യാശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി പൂന്തുറ പൊലീസ് റിപ്പോർട്ട് നൽകി. റിപ്പോർട്ട് പരിഗണിച്ചാണ് കോടതി പിഴയീടാക്കിയത്.
മദ്യപാനത്തിനിടെ സുഹൃത്തിനെ ബിയർകുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലടക്കം പൂന്തുറ പൊലീസ് നടപടിയെടുത്തിരുന്നു. മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചത്. ജനുവരിയിൽ മറ്റൊരു കേസിൽ റിമാൻഡിലായ പ്രതി ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷമാണ് ഏപ്രിലിൽ വീണ്ടും കേസിൽ പ്രതിയാകുന്നത്. ഇതെല്ലാം ചേർത്ത റിപ്പോർട്ടാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.
