മലപ്പുറം: കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ചൊവ്വാഴ്ച 631 പേർക്കുകൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം എൻ.എം മെഹ്‌റലി  അറിയിച്ചു. 5,132 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 75 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ 72 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ  ഒരാളും  നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട് പേരുമാണ് ഐസൊലേഷനിലുള്ളത്.

3,938 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 1,119 പേർ കോവിഡ് കെയർ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നു.
ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന 103 പേരുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ് ആയതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഇതുവരെ 3,023 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 86 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.