കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇതാദ്യമായി ഒരു കൊവിഡ് 19 പോസറ്റീവ് ഫലം വന്നതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കുറ്റമറ്റ രീതിയില്‍ കൊവിഡ് പ്രതിരോധം നടപ്പാക്കുകയാണ് ആരോഗ്യ വകുപ്പ്. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളോട് അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലക്ക് മുഴുവന്‍ ചെക്‌പോസ്റ്റുകളിലും അതീവ സുരക്ഷയാണുള്ളത്. ഇതിനിടെ ഇതരസംസ്ഥാനങ്ങളില്‍ ജോലിക്കുപോയി മടങ്ങിവന്ന 757 പട്ടികവര്‍ഗക്കാരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 

ഇവരില്‍ 31 പേരെ കൊവിഡ് കെയര്‍ സെന്ററുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്. കുടക് അടക്കം കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഇഞ്ചി കൃഷിക്കും മറ്റും പോയവരാണ് നിരീക്ഷണത്തിലുള്ളവര്‍. പട്ടികവര്‍ഗ വകുപ്പിന്റെ സഹകരത്തോടെയാണ് പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

പുറം സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന പട്ടികവര്‍ഗ്ഗക്കാരുടെ കണക്ക് നാളുകള്‍ക്ക് മുമ്പ് തന്നെ ആരോഗ്യ വകുപ്പ് ശേഖരിച്ചിരുന്നു. സമ്പൂര്‍ണ ലോക് ഡൗണ്‍ നടപ്പാക്കിയതിനാല്‍ പട്ടിണി അടക്കമുള്ള പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ജില്ലാ ഭരണകൂടം പ്രമോട്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2926 പേരാണ് ഇന്നലെ വന്ന കണക്ക് പ്രകാരം വയനാട്ടില്‍ നിരീക്ഷണത്തിലുള്ളത്.