കൽപ്പറ്റ: കൊവിഡിനൊപ്പം പക്ഷിപ്പനി ഭീതി കൂടി എത്തിയതോടെ വയനാട്ടിലെ ഇറച്ചിക്കോഴി കർഷകർ പ്രതിസന്ധിയിൽ. വില കൂപ്പുകുത്തിയതോടെ മുടക്കുമുതൽപോലും കിട്ടാത്ത അവസ്ഥയിലാണ് കർഷകർ. പക്ഷിപ്പനി നിയന്ത്രണവിധേയമായെങ്കിലും കോഴികളെ എത്രയും വേഗം വിറ്റഴിച്ച് നഷ്ടതോത് കുറക്കുകയാണ് പലരും. ഇതിനായി ഫാമുടമകൾ നടത്തുന്ന മത്സരവും അയൽസംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ കോഴികളെ ഇറക്കുമതി ചെയ്യുന്നതുമാണ് വില ഇത്രയും കുറയാൻ കാരണം.

കൊവിഡ് ഭീതിയെത്തുടർന്ന് അയൽ സംസ്ഥാനങ്ങളിലെ വൻകിട ഇറച്ചിക്കോഴി കമ്പനികളുടെ വിദേശത്തേക്കുള്ള കയറ്റുമതി നിലച്ചിരിക്കുകയാണ്. ഇവരുടെ കോഴികളെ കുറഞ്ഞവിലക്ക് കേരളത്തിലേക്ക് എത്തിക്കുന്നതാണ് കൂടുതൽ പ്രതിസന്ധിയിലേക്കെത്തിച്ചിരിക്കുന്നത്. ഇപ്പോൾ ജില്ലയിൽ ഉത്പാദിപ്പിക്കുന്ന കോഴികൾക്ക് ആവശ്യക്കാരില്ലാതായി. ഇതിനിടെ കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചതും കർഷകർക്ക് വിനയായി. 

ജില്ലയിലെ ആയിരത്തിലധികം ഫാമുകളിലായി ലക്ഷക്കണക്കിന് കോഴികളാണ് വിൽക്കാനാവാതെ കെട്ടിക്കിടക്കുന്നത്. കോഴികളെ കൊല്ലാനും വളർത്താനും കഴിയാത്ത അവസ്ഥയിലാണ് കർഷകർ. ഒരു മാസംമുമ്പ് കിലോയ്ക്ക് 75 രൂപ മുതൽ 90 രൂപവരെയായിരുന്നു വ്യാപാരികൾ കർഷകരിൽ നിന്ന്‌ കോഴികളെ വാങ്ങിയിരുന്നത്. എന്നാലിപ്പോൾ കിലോയ്ക്ക് 15 രൂപ മുതൽ 17 രൂപവരെയാണ് കർഷകർക്ക് ലഭിക്കുന്നത്. 16 രൂപ നിരക്കിലാണ് കഴിഞ്ഞ ദിവസം ബത്തേരിയിലെ ഫാമുകളിൽനിന്ന്‌ കോഴികളെ കയറ്റിക്കൊണ്ടുപോയത്.

ശരാശരി രണ്ട് കിലോയുള്ള കോഴിക്ക് 32 രൂപ ലഭിക്കുമ്പോൾ, ഇതിനെ വളർത്താൻ കർഷകർക്ക് ചെലവായത് 150 രൂപയോളമാണ്. അതായത് ഒരു കോഴിക്ക് 120 രൂപവരെ നഷ്ടം സഹിച്ചാണ് കർഷകർ വിൽക്കുന്നത്. അതിനിടെ തമിഴ്‌നാട്, കർണാടക, ആന്ധ്ര ഫാമുകളിൽനിന്ന് വൻതോതിൽ കോഴികളെ കൊണ്ടുവരുന്നത് നിയന്ത്രിക്കണമെന്നാണ് ജില്ലയിലെ കോഴി കർഷകർ ആവശ്യപ്പെടുന്നത്.  അതേ സമയം കോഴിയിറച്ചിയുടെ വില പകുതിയിലധികം കുറഞ്ഞിട്ടും കോഴിയിറച്ചി വിഭവങ്ങളുടെ വില കുറയ്ക്കാൻ ഹോട്ടലുടമകൾ തയ്യാറാകുന്നില്ലെന്നാണ് പരാതി. എന്നാൽ നാട്ടിൻപുറങ്ങളിലെ കടകളിൽ വിഭവങ്ങൾക്ക് വില കുറച്ചിട്ടുണ്ട്.