വില്‍പന വില പ്രദര്‍ശിപ്പിക്കാത്ത വ്യാപാരികള്‍ക്കും  അമിത വില ഈടാക്കിയ വ്യാപാരികള്‍ക്കും  നോട്ടീസ് നല്‍കി. അവശ്യ സാധനങ്ങള്‍ക്ക് ഏകീകൃത വില ഈടാക്കുന്നതിന് നടപടികള്‍ എടുത്തു. 

കോഴിക്കോട്: അവശ്യസാധനങ്ങളുടെ നിരക്ക് വിലയിരുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ വിവിധ കച്ചവടസ്ഥാപനങ്ങളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പുന്നശ്ശേരി, ചീക്കിലോട്, അന്നശ്ശേരി, തലക്കളത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി വില്പന ശാലകള്‍, പലവ്യഞ്ജന കടകള്‍, ഫ്രൂട്ട് സ്റ്റാളുകള്‍, ഫിഷ് മാര്‍ക്കറ്റുകള്‍, ചിക്കന്‍ സ്റ്റാളുകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. 

വില്‍പന വില പ്രദര്‍ശിപ്പിക്കാത്ത വ്യാപാരികള്‍ക്കും അമിത വില ഈടാക്കിയ വ്യാപാരികള്‍ക്കും നോട്ടീസ് നല്‍കി. അവശ്യ സാധനങ്ങള്‍ക്ക് ഏകീകൃത വില ഈടാക്കുന്നതിന് നടപടികള്‍ എടുത്തു. താരതമ്യേന കൂടുതല്‍ വില ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ട വ്യാപാരികള്‍ക്ക് വില കുറക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ആയതു പ്രകാരം പുതുക്കിയ നിരക്ക് വിലവിവരപ്പട്ടികകളില്‍ രേഖപ്പെടുത്തുകയും ചെയ്തു.

മുമ്പ് പരിശോധന നടത്തിയ സ്ഥലങ്ങളിലെ ചില വ്യാപാരികള്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു കൊണ്ട് വീണ്ടും അമിത വില ഈടാക്കുന്നതായി പരാതികള്‍ ലഭിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കട പിടിച്ചെടുക്കല്‍ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു