മലപ്പുറം: കൊവിഡ് 19 സംബന്ധിച്ച് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍, ആരോഗ്യ ജാഗ്യത നിര്‍ദ്ദേശങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയ കേസുകള്‍ കൂടുന്നത് ഗൗരവത്തോടെ കാണുമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി. വിദേശത്ത് നിന്നെത്തി ഐസൊലേഷനില്‍ കഴിയാതെ കറങ്ങി നടക്കുന്നവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ എടുക്കുമെന്നും യു അബ്ദുള്‍ കരീം ഐപിഎസ് വ്യക്തമാക്കി

വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കല്‍, ആരോഗ്യ ജാഗ്രതാ നിര്‍ദേശം ലംഘിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ജില്ലയിലിതുവരെ 20കേസുകളാണ് എടുത്തിട്ടുള്ളത്. കഴിഞ്ഞദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ പൊതു സമ്പര്‍ക്കം നടത്തിയതിന് അറസ്റ്റിലായ സ്ത്രീ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനില്‍ തുടരുകയാണ്. ആരോഗ്യ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടം തയ്യാറാക്കിയ കൊവിഡ് കെയര്‍ സെന്റെറില്‍ പ്രവേശിപ്പിച്ച് 14 ദിവസം കര്‍ശനമായി നിരീക്ഷിക്കുകയും ചെയ്യും.