Asianet News MalayalamAsianet News Malayalam

ഗുരുവായൂർ ക്ഷേത്രപരിസരം കണ്ടെയ്ൻമെന്‍റ് സോൺ, 22 പേർക്ക് കൊവിഡ്, ഭക്തർക്ക് വിലക്ക്

ഗുരുവായൂര്‍ ദേവസ്വത്തില്‍ 153 ജീവനക്കാര്‍ക്കായി ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 22 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ ദേവസ്വത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 46 ആയി.  ‍

covid 19 guruvayoor temple declared as containment zone
Author
Guruvayoor, First Published Dec 11, 2020, 6:01 PM IST

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് വിലക്കേർപ്പെടുത്തുകയാണെന്ന് ദേവസ്വം അറിയിച്ചു. എന്നാൽ പൂജകളും ചടങ്ങുകളും മുടക്കമില്ലാതെ നടക്കും. ക്ഷേത്രത്തിലെ 46 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. ക്ഷേത്ര പരിസരം കണ്ടെയ്ൻമെന്‍റ് സോണാക്കി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 

ഗുരുവായൂര്‍ ദേവസ്വത്തില്‍ 153 ജീവനക്കാര്‍ക്കായി ഇന്ന് നടത്തിയ ആന്‍റിജൻ പരിശോധനയില്‍ 22 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചത്. ഇതോടെ ദേവസ്വത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 46 ആയി. ഈ സാഹചര്യത്തിലാണ് ക്ഷേത്രം അടിയന്തരമായി അടയ്ക്കാൻ തീരുമാനിച്ചത്. 

ദേവസ്വത്തില്‍ കൊവിഡ് വ്യാപനം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്കായി ആന്‍റിജൻ പരിശോധന നടത്തിയത്. രോഗവ്യാപനം കണ്ടെത്തിയ സാഹചര്യത്തിൽ കളക്ടറുടെ അദ്ധ്യക്ഷതയിൽ ദേവസ്വം ഓഫീസിൽ യോഗം ചേർന്നു. 

ഗുരുവായൂര്‍ ക്ഷേത്രം നിലവിൽ അടച്ചിട്ടിരിക്കുകയാണെന്നും, മേല്‍ശാന്തിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി.മോഹന്‍ദാസ്, അഡ്മിനിസ്‌ട്രേറ്റര്‍ ടി. ബ്രീജകുമാരി എന്നിവര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നാളെയും ജീവനക്കാർക്ക് വേണ്ടിയുള്ള കൊവിഡ് പരിശോധന തുടരും.

Follow Us:
Download App:
  • android
  • ios