Asianet News MalayalamAsianet News Malayalam

വയനാട്ടിൽ ഹോട്ട്സ്പോട്ടിൽ ഇഫ്താർ വിരുന്ന്, 20 പേർക്കെതിരെ കേസ്

ഇന്നലെ വൈകീട്ട് ഹോട്സ്പോട്ടായ നെന്മേനി പഞ്ചായത്തിലെ അമ്മായിപ്പാലത്താണ് ഇഫ്താർ വിരുന്ന് നടത്തിയത്. പ്രതികൾക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരമാണ്  കേസെടുത്തത്.

covid 19 ifthar at corona hotspot in wayanad case against 20 people
Author
Wayanad, First Published May 13, 2020, 8:57 AM IST

വയനാട്: ജില്ലയിൽ ഹോട്സ്പോട്ടില് ഇഫ്താർ വിരുന്ന് നടത്തിയ 20 പേർക്കെതിരെ കേസ്. വയനാട് അമ്പലവയലിൽ വിലക്ക് ലംഘിച്ചു ഇഫ്താർ വിരുന്ന് നടത്തിയ 20 പേർക്കെതിരെയാണ് അമ്പലവയൽ പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച വൈകീട്ട് ഹോട്സ്പോട്ടായ നെന്മേനി പഞ്ചായത്തിലെ അമ്മായിപ്പാലത്താണ് ഇഫ്താർ വിരുന്ന് നടത്തിയത്. പ്രതികൾക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരമാണ് കേസെടുത്തത്.

ഒരുസമയത്ത് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടിരുന്ന വയനാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് വയനാട്ടിലാണ്. ചെന്നൈയില്‍ വന്‍തോതില്‍ രോഗവ്യാപനമുണ്ടായ കോയമ്പേട് മാർക്കറ്റില്‍ പോയി വന്നവരും, അതില്‍ ഒരാളുമായി സമ്പർക്കത്തിലായവരുമടക്കം എട്ടുപേർക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചത്.

കൂടാതെ 16 പേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്. ഏപ്രില്‍മാസം കോയമ്പേട് മാർക്കറ്റില്‍ ചരക്കെടുക്കാന്‍ പോയ മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവറില്‍നിന്ന് ഇതുവരെ ആറ് പേരിലേക്കാണ് രോഗം പടർന്നത്. ഇതില്‍ ഇയാളുടെ 11 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും 84 വയസ്സുള്ള അമ്മയും ഉൾപ്പെടും.

ഇവരുമായി സമ്പർക്കത്തിലായവരടക്കം 1855 പേർ ജില്ലയില്‍ നിരീക്ഷണത്തിലാണ്. കോയമ്പേട് മാർക്കറ്റില്‍ പോയിവന്ന ആറ് ലോറി ഡ്രൈവർമാരുടെതടക്കം കൂടുതല്‍ പേരുടെ സാമ്പിൾ പ്രത്യേകം ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഇതുവരെ ഫലം ലഭിച്ചവരില്‍ രോഗികളാരുമില്ല. എന്നാല്‍, മുന്‍കരുതലെന്നോണം ജില്ലയില്‍നിന്ന് സംസ്ഥാനത്തിന് പുറത്ത് ചരക്കെടുക്കാന്‍ പോകുന്ന ലോറി ഡ്രൈവർമാരെ നിലവില്‍ വീടുകളിലേക്ക് പോകാന്‍ അനുവദിക്കുന്നില്ല.

ഇവർക്കായി പ്രത്യേക താമസ സൗകര്യം ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരില്‍ ഒരാളുടെതൊഴികെ മറ്റെല്ലാവരുടെയും റൂട്ട് മാപ്പ് പുറത്തിറക്കിയിട്ടുണ്ട്. ജില്ലയില്‍ തിരുനെല്ലി, എടവക, മാനന്തവാടി പഞ്ചായത്തുകളുടെ എല്ലാ വാർഡുകളും, അമ്പലവയൽ, മീനങ്ങാടി, വെള്ളമുണ്ട, നെന്‍മേനി പഞ്ചായത്തിലെ ചില വാർഡുകളും നിലവില്‍ ഹോട്സ്പോട്ടുകളുമാണ്. 

Follow Us:
Download App:
  • android
  • ios