Asianet News MalayalamAsianet News Malayalam

സമാന്തര പാതകളിലൂടെ ഇടുക്കിയിലേക്ക് നുഴഞ്ഞ് കയറ്റം വ്യാപകം; 144 പ്രഖ്യാപിച്ചിട്ടും രക്ഷയില്ല

ശക്തമായ പോലിസ് നിരീക്ഷണം ഉണ്ടെങ്കിലും സമാന്തര പാതകളിലൂടെ തമിഴ്‌നാട്ടില്‍ നിന്ന് ജില്ലയിലേയ്ക്ക് നിരവധി ആളുകളാണ് എത്തുന്നത്. 

covid 19 lock down violation in idukki
Author
Idukki, First Published Apr 21, 2020, 12:14 PM IST

ഇടുക്കി: കൊവിഡ് 19നെ തുടര്‍ന്ന് ജില്ലയിലേക്കുള്ള ഗതാഗത നിയന്ത്രണം ശക്തമായി തുടരുമ്പോഴും സമാന്തര പാതകളിലൂടെ ഇടുക്കി ജില്ലയിലേയ്ക്കുള്ള നുഴഞ്ഞ് കയറ്റം വ്യാപകം. കോവിഡ് മുക്തമായ ഇടുക്കിയ്ക്ക് ആശങ്കയായി മാറുകയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള അനധികൃത കടന്ന് കയറ്റം. ഇടുക്കിയുടെ അതിര്‍ത്തി ജില്ലയായ തേനിയില്‍ നിരവധി കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

തമിഴ്‌നാട്ടിലേയ്ക്കുള്ള യാത്രകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലൂടെയുള്ള ഗതാഗതം നിയന്ത്രിയ്ക്കുകയും അതിര്‍ത്തിയിലെ വിവിധ ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ 144 പ്രഖ്യാപിയ്ക്കുകയും ചെയ്തിരുന്നു. ശക്തമായ പോലിസ് നിരീക്ഷണം ഉണ്ടെങ്കിലും സമാന്തര പാതകളിലൂടെ തമിഴ്‌നാട്ടില്‍ നിന്ന് ജില്ലയിലേയ്ക്ക് നിരവധി ആളുകളാണ് എത്തുന്നത്. 

രാത്രി സമയങ്ങളിലും നിരവധി പേര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിയ്ക്കുന്നു. തേവാരംമെട്ട്, രാമക്കല്‍മേട്, തണ്ണിപ്പാറ, ചതുരംഗപ്പാറ, രാജാപ്പാറ, ചെല്ലാര്‍കോവില്‍ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലേയ്ക്ക് സമാന്തര പാതകളുണ്ട്. രാത്രി സമയങ്ങളിലെ ആളുകളുടെ കടന്ന് കയറ്റം കണ്ടെത്തുക എന്നത് ദുഷ്‌കരമാണ്. നെടുങ്കണ്ടം, കുമളി, മൂന്നാര്‍ തുടങ്ങിയ മേഖലകളില്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ജില്ലയിലെത്തിയവരെ കോറന്റൈന്‍ ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ നുഴഞ്ഞ് കയറ്റം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിയ്ക്കുമെന്ന ആശങ്കയാണുള്ളത്.

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെത്തിയ ഒന്‍പത് പേരാണ് നെടുങ്കണ്ടം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ സെന്ററില്‍ മാത്രം  കോറന്റൈനിലുള്ളത്. വണ്ടന്‍മേട്, കരുണാപുരം, നെടുങ്കണ്ടം, ഉടുമ്പന്‍ചോല ഗ്രാമ പഞ്ചായത്തുകളിലെ സമാന്തര പാതകളിലൂടെ എത്തിയവരെയാണ് ഇവിടെ നിരീക്ഷിയ്ക്കുന്നത്. മൂന്നാര്‍, കുമളി മേഖലകളിലും ആളുകള്‍ നിരീക്ഷണത്തിലുണ്ട്. നിലവില്‍ 43 കോവിഡ് കേസുകളാണ് തേനിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 32 കേസുകളും ഇടുക്കിയോട് വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന ബോഡി നായ്ക്കന്നൂരിലാണ് ഉള്ളത്. 

Follow Us:
Download App:
  • android
  • ios