Asianet News MalayalamAsianet News Malayalam

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗബാധിതനായി ഇനി ചികിത്സയിലുള്ളത് ഒരാള്‍ മാത്രം

ആരോഗ്യ വകുപ്പിന്‍റെയും മറ്റ് വകുപ്പുകളുടേയും നേതൃത്വത്തില്‍ നടക്കുന്ന കൂട്ടായ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാവുകയാണിത്.

Covid 19   only one covid patient remain in malappuram dist
Author
Malappuram, First Published Apr 27, 2020, 2:53 PM IST

മലപ്പുറം: ജില്ലയിൽ അഞ്ച് പേര്‍ കൂടി രോഗവിമുക്തരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് വീടുകളിലേയ്ക്കു മടങ്ങി. അഞ്ച് പേര്‍ ഒരുമിച്ച് പുതു ജീവിതത്തിലേയ്ക്ക് മടങ്ങിയത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കൊവിഡിനെതിരെ പോരാടുന്ന മുഴുവന്‍ പേര്‍ക്കും അഭിമാന മുഹൂര്‍ത്തമാണ്. ഇനി ഒരാള്‍ മാത്രമാണ് ജില്ലയില്‍ കൊവിഡ് ബാധിതനായി ചികിത്സയില്‍ തുടരുന്നത്.

വേങ്ങര കൂരിയാട് സ്വദേശി, തിരൂര്‍ തെക്കന്‍ പുല്ലൂര്‍ സ്വദേശി, നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി, വേങ്ങര കണ്ണമംഗലം സ്വദേശി, മമ്പുറം വെട്ടം ബസാര്‍ സ്വദേശി  എന്നിവരാണ് വിദഗ്ധ ചികിത്സയ്ക്കും നിരന്തര പരിശോധനകള്‍ക്കും ശേഷം രോഗം ഭേദമായി ഇന്ന്  വീടുകളിലേയ്ക്ക് മടങ്ങിയത്. 

ആരോഗ്യ വകുപ്പ് ഒരുക്കിയ പ്രത്യേക ആംബുലന്‍സുകളിലാണ് അഞ്ച് പേരും യാത്രയായത്.  ജില്ലയില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത 20 പേരില്‍ 18 പേരും രോഗമുക്തരാവുമ്പോള്‍ ആരോഗ്യ വകുപ്പിന്‍റെയും മറ്റ് വകുപ്പുകളുടേയും നേതൃത്വത്തില്‍ നടക്കുന്ന കൂട്ടായ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാവുകയാണിത്. ഒരാള്‍ ഇപ്പോഴും കൊവിഡ് ബാധിതനായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയില്‍ തുടരുകയാണ്. നാല് മാസം പ്രായമുള്ള കുട്ടി മാത്രമാണ് രോഗബാധിതയായിരിക്കെ മരിച്ചത്. രോഗം ഭേദമായ ശേഷം തുടര്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ സ്വദേശിയും മരണത്തിന് കീഴടങ്ങിയിരുന്നു.

Follow Us:
Download App:
  • android
  • ios