മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 840 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇവരില്‍നിന്ന് പിഴ ഈടാക്കി. 

കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വ്യാപകാമയ വര്‍ദ്ധനവാണ് കോഴിക്കോട് ജില്ലയിലള്ളത്. സ്ഥിതിഗതികള്‍ ഗുരുതരമായിട്ടും ജനം കൊവിഡ് നിയന്ത്രണങ്ങളെ വേണ്ടത്ര ഗൌരവത്തിലെടുക്കുന്നില്ല. ഇന്ന് കോഴിക്കോട് ജില്ലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 1306 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നഗര പരിധിയില്‍ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിനുമാണ് 12 കേസുകളെടുത്തത്. 

കോടതിവഴിയാവും ഇവര്‍ക്കെതിരേയുള്ള തുടര്‍നിയമനടപടികള്‍. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 840 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇവരില്‍നിന്ന് പിഴ ഈടാക്കി. റൂറല്‍ മേഖലയില്‍ സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നിന്നതിനും കടകള്‍ കൃത്യസമയത്ത് അടയ്ക്കാത്തതിന്റെയും പേരില്‍ 60 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ 394 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. 

കോഴിക്കോടാണ് ഇന്നും ഏറ്റവും അധികം കൊവിഡ് കേസുകള്‍. 4990 കൊവിഡ് പൊസിറ്റീവ് കേസുകളാണ് ഇന്ന് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 4811 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona