താമരശ്ശേരി: ബസിലെ സീറ്റിൽ ഒറ്റക്കിരിക്കുന്നതിനായി അടുത്തിരിക്കാൻ വന്ന ആളിനോട് കൊവിഡാണെന്ന് പറഞ്ഞ യുവാവിനെ മറ്റു യാത്രക്കാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ ഇയാൾ കൊറോണ ബാധിതനല്ലെന്ന് കണ്ടെത്തിയതിന് ശേഷമാണ് ബസ് യാത്ര തുടർന്നത്.

ഇന്നലെ രാവിലെ താമരശ്ശേരിയിലാണ് സംഭവം നടന്നത്. കോഴിക്കോട് നിന്ന് മൈസൂരുവിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസിലുണ്ടായിരുന്നു യുവാവാണ് കൊടുവള്ളിയിൽ നിന്ന് അടുത്തിരിക്കാൻ വന്ന യാത്രക്കാരനോട് തനിക്ക് കൊവി‍ഡ് എന്ന് പറഞ്ഞത്. മൈസൂരു സ്വദേശിയാണ് ഈ യുവാവ്.

ഇതോടെ പരിഭ്രാന്തരായ യാത്രക്കാരൻ ഇക്കാര്യം കണ്ടക്ടറോ‍ട് പറഞ്ഞു. പിന്നാലെ താമരശ്ശേരി പൊലീസ് സ്റ്റേഷനു മുൻപിൽ ബസ് നിർത്തി വിവരം അറിയിച്ചു.  ഉടൻ തന്നെ പൊലീസ് യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. 

എന്നാൽ, കൊറോണ മാസ്ക് ധരിക്കാത്തതിനെപ്പറ്റിയാണ് താൻ പറഞ്ഞതെന്നും തന്റെ ഭാഷ അടുത്തിരിക്കാൻ വന്നയാൾക്ക് മനസ്സിലാവാത്തതാണെന്നായിരുന്നു യുവാവ് പറഞ്ഞത്.