വിഴിഞ്ഞം: കൊവിഡ് 19  ആൻറിജൻ പരിശോധനയിൽ ഫലം പോസിറ്റീവാകുന്നവരുടെ എണ്ണം കൂടുന്നത് തീരദേശ മേഖലയില്‍ ആശങ്കയുണ്ടാക്കുന്നു. സാമൂഹ്യവ്യാപനം നടന്നുവെന്ന് സർക്കാർ തന്നെ സമ്മതിക്കുമ്പോഴും പരിശോധനകൾ പരിമിതമായി മാത്രമാണ് പുല്ലുവിളയില്‍ നടക്കുന്നതെന്ന് ആരോപണമുണ്ട്.  പുല്ലുവിള ഉൾപ്പെടെയുള്ള തീരദേശ മേഖലകളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് മുൻതൂക്കം നൽകി നടത്തുന്ന പരിശോധനകളിൽ പോലും പകുതിയോളം പേരും പോസിറ്റീവാകുന്നത്വലിയ ആശങ്കയാണ് ഉയർത്തുന്നത്.

ഇന്നലെ പുല്ലുവിളയിൽ 55 പേരുടെ സ്രവ പരിശോധന നടത്തിയതിൽ 25 പേരാണ്  പോസിറ്റീവായത്. കൂടാതെ ഇവിടെ  മരണമടഞ്ഞ പത്തോളംപേരുടെ പരിശോധന ഫലം ഇനിയും വരാനുണ്ട്. കൊവിഡ് പ്രോട്ടക്കോൾ പ്രകാരം ഇവരുടെ സംസ്കാരങ്ങൾ നടത്തിയെങ്കിലും ഫലം പോസിറ്റീവാകുന്നവരുമായി സമ്പർക്കമുള്ളവരെ നിരീക്ഷണത്തിലാക്കുന്നതിനും  സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിനും ഫലം ലഭിക്കാൻ വൈകുന്നത്  തടസം സൃഷ്ടിക്കുന്നതായി അധികൃതർതന്നെ പറയുന്നു. വിഴിഞ്ഞത്തും  രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായാണ് കാണുന്നത്. 

ഇവിടെ ഇന്നലെ  അമ്പത് പേരുടെ സ്രവ പരിശോധനയിൽ 14 പേർക്ക്   രോഗം സ്ഥിരീകരിച്ചു. അടിമലത്തുറയിൽ  ആറ് പേരും  പൂവാറിൽ അഞ്ച് പേരും പോസിറ്റീവായി. രോഗവ്യാപനം കൂടുന്നത് കണക്കിലെടുത്ത് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും കുറഞ്ഞ പരിശോധനയാണ് തീരദേശമേഖലകളിൽ നടക്കുന്നത്. ആൻറിജൻ കിറ്റുകളുടെയും ആരോഗ്യപ്രവർത്തകരുടെയും കുറവാണ് തീരദേശമേഖലയിൽ പരിശോധനകൾ കുറയാൻ കാരണമെന്നാണ് അറിയുന്നത്.