തൃശൂരില്‍ മെത്താഫിറ്റമിനുമായി പിടികൂടിയ പ്രതികളുടെ 37.78 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവായി. ലഹരിമരുന്ന് കടത്തിലൂടെ അനധികൃതമായി സമ്പാദിച്ച ഭൂമി, വാഹനം, ബാങ്ക് ബാലന്‍സ് എന്നിവയാണ് കണ്ടുകെട്ടിയത്.  

തൃശൂര്‍: മയക്കുമരുന്ന് കടത്തിലൂടെ പ്രതികള്‍ അനധികൃതമായി സമ്പാദിച്ച 37,78,000 രൂപയിലധികം മതിപ്പുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവായി. വലപ്പാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തളിക്കുളം കൈതക്കല്‍വെച്ച് 31.330 ഗ്രാം മെത്താഫിറ്റമിനുമായി എടത്തിരുത്തി സ്വദേശി കൊല്ലാറ വീട്ടില്‍ അഖില്‍ (31), പെരിഞ്ഞനം സ്വദേശിനി കള്ളിപറമ്പില്‍ വീട്ടില്‍ ഫസീല (33) എന്നിവരെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയിരുന്നു. പ്രതികള്‍ക്കെതിരേ എന്‍.ഡി.പി.എസ്. നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

സ്ഥിരമായ വരുമാന മാര്‍ഗങ്ങളൊന്നുമില്ല

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളായ അഖിലിനും ഫസീലയ്ക്കും സ്ഥിരമായ വരുമാന മാര്‍ഗങ്ങളൊന്നുമില്ലെന്നും ഇവര്‍ ലഹരിമരുന്നുകളുടെ നിയമവിരുദ്ധമായ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്നതായും ലഹരിമരുന്ന് കടത്തിലൂടെ ലഭിച്ച അനധികൃത വരുമാനം ഉപയോഗിച്ച് സ്ഥാവര ജംഗമ സ്വത്തുക്കള്‍ സമ്പാദിച്ചതായും കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് അഖിലിന്റെ എടത്തിരുത്തിയിലുള്ള ബാങ്ക് അക്കൗണ്ടിലെ 1,94,718 രൂപ, 24 ലക്ഷം വിലയുള്ള ജെ.സി.ബി., 6.5 ലക്ഷം രൂപയുടെ കാര്‍, എടത്തിരുത്തി വില്ലേജിലെ 5,32,500 രൂപ വിലമതിക്കുന്ന 8.30 സെന്റ് ഭൂമി, ഫസീലയുടെ ബാങ്ക് അക്കൗണ്ടിലെ 899 രൂപ എന്നിവയുള്‍പ്പെടെ ആകെ 37,78,117 രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കുന്നതിനായി ചെന്നൈയിലുള്ള കോംപിറ്റന്റ് അതോറിറ്റിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് സ്വത്തു വകകള്‍ കണ്ടുകെട്ടുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചത്.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഡി.സി.ബി. ഡിവൈ.എസ്.പി. ഉല്ലാസ് കുമാര്‍ എം., വലപ്പാട് എസ്.എച്ച്.ഒ. അനില്‍കുമാര്‍, ജി.എ.എസ്.ഐ. സൈഫുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചത്.