Asianet News MalayalamAsianet News Malayalam

മുതുമലയില്‍ ആനകള്‍ക്ക് കൊവിഡ് പരിശോധന; നടപടി സിംഹങ്ങള്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന്

ആനകളുടെ സ്രവം ശേഖരിക്കല്‍ കഴിഞ്ഞ ദിവസമാണ് ആനപരിപാലന കേന്ദ്രത്തില്‍ ആരംഭിച്ചത്. തമിഴ്‌നാട് വനംമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നടപടി

Covid test for elephants in Mudumalai
Author
Wayanad, First Published Jun 9, 2021, 12:37 PM IST

കല്‍പ്പറ്റ: രാജ്യത്തെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കുകളില്‍ ഒന്നായ ചെന്നൈ അരിഗ്‌നര്‍ അണ്ണാ സൂവോളജിക്കല്‍ പാര്‍ക്കിലെ ഒമ്പത് സിംഹങ്ങളില്‍ കൊവിഡ് രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് മനുഷ്യരോട് അടുത്തിടപഴകുന്ന ഇതര മൃഗങ്ങളിലും കൊവിഡ് പരിശോധന നടത്താന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ പശ്ചാത്തലത്തില്‍ മുതുമല ആനസംരക്ഷണ കേന്ദ്രത്തില്‍ പരിശോധന തുടങ്ങി. 

ആനകളുടെ സ്രവം ശേഖരിക്കല്‍ കഴിഞ്ഞ ദിവസമാണ് ആനപരിപാലന കേന്ദ്രത്തില്‍ ആരംഭിച്ചത്. തമിഴ്‌നാട് വനംമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നടപടി. മുതുമലയിലെ 28 ആനകള്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തും. ശേഖരിക്കുന്ന സാമ്പിളുകള്‍ ഉത്തര്‍പ്രദേശിലെ ഇസാത്ത് നഗറിലുള്ള വെറ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയക്കും. കൊറിയര്‍ വഴിയായിരിക്കും സ്രവം അയക്കുക. 

മുതുമല വന്യജീവി സങ്കേതത്തോട് ചേര്‍ന്ന് കിടക്കുന്ന ആദിവാസികളുടെ താമസയിടങ്ങളും സന്ദര്‍ശിച്ച മന്ത്രി ഇവര്‍ക്കായി പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. പാപ്പാന്മാര്‍ അടക്കം മുതുമലയില്‍ ആനപരിപാലനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 52 പേര്‍ക്കും മുന്‍ഗണന അടിസ്ഥാനത്തില്‍ വാക്‌സിന്‍ നല്‍കും. നിലവില്‍ ആനകളെ പരിപാലിക്കുന്നവരുടെ ടെമ്പറേച്ചറും മറ്റും പരിശോധിച്ചതിന് ശേഷമാണ് ജോലി ചെയ്യാന്‍ അനുവദിക്കുന്നത്. 

പ്രായമായ ആനകളുടെ ആരോഗ്യനിലയും മറ്റും പ്രത്യേകം നിരീക്ഷിക്കുകയാണ്. അതേ സമയം ആനകളുടെ സാമ്പിള്‍ പരിശോധന ഫലം എപ്പോള്‍ ലഭ്യമാകുമെന്ന കാര്യം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. മുതുമല കടുവാ കേന്ദ്രം ഡയറക്ടര്‍ കൗസല്‍, ഫോറസ്റ്റ് റെയ്ഞ്ചര്‍ ദയാനന്ദന്‍, ഡോ. രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. ഇക്കാരണം കൊണ്ട് തന്നെ കൂടുതല്‍ ആശങ്കക്ക് വഴിയില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

"

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios