അന്നുമുതല്‍ പൊതുചുവരുകള്‍ കണ്ടെത്തി ബോധവത്കരണ ചിത്രങ്ങളും ചുവരെഴുത്തും തുടങ്ങി. ചായവും മറ്റ് ഉപകരണങ്ങളും സ്വന്തമായി കണ്ടെത്തിയാണ് വരക്കുന്നത്...

ആലപ്പുഴ: പെറ്റമ്മയുടെ ജീവൻ കൊവിഡ് കവർന്നതോടെയാണ് കലാകാരനായ മണ്ണഞ്ചേരി നേതാജി തണൽവീട്ടിൽ ടി നടേശന്റെ ചുവരെഴുത്തുകൾക്ക് പുതിയ ദിശാബോധമുണ്ടായത്. മേയ് തുടക്കത്തിലാണ് നടേശന്റെ 80കാരിയായ മാതാവ് കൊവിഡ് ബാധിച്ച് മരിച്ചത്. അതോടെയാണ് ഇനിയുള്ള ചുവരെഴുത്തുകൾ പൂർണമായും കൊവിഡ് ബോധവത്കരണത്തിനും പ്രതിരോധത്തിനും നീക്കി വെക്കാൻ നടേശൻ തീരുമാനിച്ചത്.

അന്നുമുതല്‍ പൊതുചുവരുകള്‍ കണ്ടെത്തി ബോധവത്കരണ ചിത്രങ്ങളും ചുവരെഴുത്തും തുടങ്ങി. ചായവും മറ്റ് ഉപകരണങ്ങളും സ്വന്തമായി കണ്ടെത്തിയാണ് വരക്കുന്നത്. ആലപ്പുഴ കടപ്പുറത്തെ വനിത-ശിശു ആശുപത്രിക്ക് സമീപത്തെ മതിലിൽ 23ാമത്തെ ചുവരെഴുത്താണ് പൂർത്തിയാക്കിയത്. കൊവിഡിന്റെ വ്യാപനം കെട്ടടങ്ങുംവരെ ചുവരെഴുത്ത് തുടരാനാണ് തീരുമാനം. 

വ്യത്യസ്ത രീതിയിൽ ബോധവത്കരണം നടത്തുന്ന നടേശനെ ജില്ല മെഡിക്കല്‍ ഓഫിസര്‍ എല്‍ അനിത കുമാരിയും മാസ് മീഡിയ ഓഫിസര്‍ പിഎസ് സുജയും ഉദ്യോഗസ്ഥരും നേരിട്ട് അനുമോദിച്ച് പ്രശംസപത്രം കൈമാറി. പ്രതിരോധ ചുവരെഴുത്ത് തുടരുന്നതിനുള്ള ആരോഗ്യവകുപ്പിന്റെ ധനസഹായവും പ്രോത്സാഹനവുമായി 5000 രൂപയും കൈമാറി. 

നേതാജി, തമ്പകച്ചുവട്, കോമളപുരം, ഗുരുപുരം, പുന്നപ്ര, മുഹമ്മ തുടങ്ങിയ ജങ്ഷനുകളിലെല്ലാം ചുവരെഴുത്ത് പതിഞ്ഞുകഴിഞ്ഞു. പരസ്യമേഖലയില്‍ ചുവരെഴുത്തും പെയിന്റിങ്ങുമാണ് ഏക ജീവിതമാർഗം. സ്കൂള്‍, ജ്വല്ലറികള്‍ എന്നിവക്കുവേണ്ടിയും വരക്കാറുണ്ട്. ഭാര്യ: ജയ. അഗ്രജ് നടേശന്‍ (ഗവ ഐടിഐ വിദ്യാര്‍ഥി), ഷിയ നടേശന്‍ (എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥി), അര്‍ണവ് (വിദ്യാർഥി) എന്നിവരാണ് മക്കൾ.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona