അവിവാഹിതനായ വിജകൃഷ്ണന് ഈ പശുക്കള്‍ തന്നെയാണ് കുടുംബം. പാലു മുഴുവന്‍ കുട്ടിയ്ക്കുള്ളതാണ്. ചാണകം കൃഷിയ്ക്കും. സാമ്പത്തിക ലാഭമല്ല, പശുസംരക്ഷണം മാത്രമാണ് വിജയകൃഷ്ണന്‍റെ ലക്ഷ്യം.

തിരുവനന്തപുരം: നാടന്‍ പശു പരിപാലനത്തിനുള്ള ദേശീയ അവാര്‍ഡിന്‍റെ തിളക്കത്തില്‍ തിരുവനന്തപുരത്തുകാരന്‍ വിജയകൃഷ്ണന്‍. പശുക്കള്‍ക്ക് പുറമെ കുറ്റിച്ചലിലെ വൃന്ദാവൻ ഗോശാലയില്‍ കൃഷിയുമുണ്ട്. വെച്ചൂര്‍ പശുവും കാസര്‍ഗോഡ് കുള്ളനും നിറഞ്ഞ് നില്‍ക്കുകയാണ് വിജയകൃഷ്ണന്‍റെ ഫാമില്‍. ആന്ധ്രയില്‍ നിന്നെത്തിയ പൊങ്ങാനൂറുകാരും കൂട്ടത്തിലുണ്ട്. സ്വര്‍ണ്ണക്കണ്ണുകാരി കപിലയാണ് തൊഴുത്തിലെ പ്രധാന ആകര്‍ഷണം.

അവിവാഹിതനായ വിജകൃഷ്ണന് ഈ പശുക്കള്‍ തന്നെയാണ് കുടുംബം. പാലു മുഴുവന്‍ കുട്ടിയ്ക്കുള്ളതാണ്. ചാണകം കൃഷിയ്ക്കും. സാമ്പത്തിക ലാഭമല്ല, പശുസംരക്ഷണം മാത്രമാണ് വിജയകൃഷ്ണന്‍റെ ലക്ഷ്യം. പച്ചപ്പുല്ലാണ് പശുക്കള്‍ക്കുള്ള പ്രധാനഭക്ഷണം. ഇതിനായി പുല്ല് വളര്‍ത്തുന്നുമുണ്ട്. തോട്ടത്തില്‍ നിന്നുള്ള ചക്കയും വാഴയുമെല്ലാം പശുക്കള്‍ക്കുള്ളതാണ്. സാഭാവിക ബീജസങ്കലനമാണ് ഇവിടെ നടക്കുന്നത്.

കുറ്റിച്ചലില്‍ പത്ത് വര്‍ഷം മുന്‍പ് 5 പശുക്കളുമായി തുടങ്ങിയ ഫാമില്‍ ഇന്ന് നൂറിലധികം പശുക്കളുണ്ട്. കാളകള്‍ക്കും പശുവിനും പ്രത്യേകം തയ്യാറാക്കിയ തൊഴുത്തുമുണ്ട്. കുട്ടികളുടെ തൊഴുത്തും വേറെയുണ്ട്. 15 തൊഴിലാളികളാണ് സഹായത്തിനുള്ളത്. കാസര്‍ഗോഡ് കുള്ളന്‍റെ വംശ സംരക്ഷണത്തിനുള്ള ബ്രീഡ് സേവ്യര്‍ അവാര്‍ഡും പശുപരിപാലനത്തിനുള്ള ദേശീയ അവാര്‍ഡും വിജയകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്.