റോഡിലൂടെ പോവുകയായിരുന്ന യാത്രക്കാരാണ് പശു കുഴിയിൽ വീണു കിടക്കുന്നത് കണ്ട് ഉടമയെ വിവരം അറിയിച്ചത്. പിന്നീട് ഫയർ ഫോഴ്സിന്റെ സഹായം തേടി.

ഹരിപ്പാട്: ആലപ്പുഴയിൽ കക്കൂസ് മാലിന്യ ടാങ്കിൽ വീണ പശുവിനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ഹരിപ്പാട് മറുതാ മുക്കിന് സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പുല്ല് തിന്നാനായി പറമ്പിൽ കെട്ടിയിരുന്ന പശു വർഷങ്ങൾ പഴക്കമുള്ള മാലിന്യ ടാങ്കിന് മുകളിലേക്ക് കയറിയതോടെ ടാങ്കിന്റെ മേൽമൂടി തകർന്ന് അകത്തേക്ക് വീഴുകയായിരുന്നു. 

ഈ സമയം റോഡിലൂടെ പോയ യാത്രക്കാരാണ് പശു മാലിന്യ ടാങ്കിൽ വീണത് ശ്രദ്ധിച്ചത്. തുടർന്ന് പശുവിന്റെ ഉടമസ്ഥനെ വിവരം അറിയിച്ചു. ഉടമസ്ഥൻ ഹരിപ്പാട് അഗ്നിശമനസേനാ വിഭാഗത്തിന്റ സഹായം തേടുകയായിരുന്നു.തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഉദ്യോഗസ്ഥർ പശുവിനെ രക്ഷപ്പെടുത്തി. കളിക്കൽ തെക്കതിൽ രാമചന്ദ്രൻ പിള്ളയുടെ പശുവാണ് അപകടത്തിൽ പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം