Asianet News MalayalamAsianet News Malayalam

പത്തനാപുരത്ത് സിപിഎം - സിപിഐ പ്രവർത്തകർ നടുറോട്ടിൽ ഏറ്റുമുട്ടി, 6 പേർക്ക് പരിക്ക്

പ്രാദേശിക പ്രശ്നങ്ങളാണ് തമ്മിൽത്തല്ലിന് കാരണമെന്നാണ് സൂചന. സംഘർഷത്തിനിടെ ഇരുപാർട്ടിക്കാരും പൊലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും അടിച്ചു തകർത്തു. 

cpim cpi clash in kollam pathanapuram
Author
Kollam, First Published Aug 20, 2019, 11:15 PM IST

കൊല്ലം: പത്തനാപുരത്ത് സിപിഎം - സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. രാത്രിയോടെ സിപിഎം - സിപിഐ പ്രവർത്തകർ നടുറോട്ടിൽ തമ്മിൽത്തല്ലുകയായിരുന്നു. സംഘർഷത്തിൽ പൊലീസുദ്യോഗസ്ഥർക്കും പാർട്ടി പ്രവർത്തകർക്കുമടക്കം ആറ് പേർക്ക് പരിക്കേറ്റു. 

സംഘർഷത്തിനിടെ പൊലീസ് ജീപ്പും സ്വകാര്യ വാഹനങ്ങളും ഇരുപാർട്ടി പ്രവർത്തകരും തല്ലിത്തകർത്തു. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കൂടുതൽ പൊലീസുദ്യോഗസ്ഥരെ സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. 

പത്തനാപുരത്തെ മത്സ്യത്തൊഴിലാളികളുടെ സംഘടനാമാറ്റത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. സിഐടിയു പ്രവര്‍ത്തകരായ മത്സ്യ കയറ്റിറക്ക് തൊഴിലാളികളില്‍ ചിലര്‍ എഐറ്റിയുസിയിലേക്ക് മാറിയതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. രാത്രി ഒന്‍പതരയോടെ കല്ലുംകടവില്‍ എത്തിയ മത്സ്യം ഇറക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിട്ടവരുമായി ഉണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പോലീസ് വാഹനമുള്‍പ്പെടെ ആറോളം വാഹനങ്ങളും സംഘര്‍ഷത്തില്‍ തകര്‍ത്തു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഡെന്‍സന്‍ വര്‍ഗീസ്, റെജിമോന്‍ എന്നിവർക്കും നാല് പോലീസുകാര്‍ക്കുമാണ് പരിക്കേറ്റത്. കല്ലുംകടവ് പാലത്തിന് സമീപമാണ് ഇരുവിഭാഗം പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. ഇതിനിടെ പോലീസ് ലാത്തി വീശുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പുനലൂര്‍ - മൂവാറ്റുപുഴ  റോഡ് ഉപരോധിച്ചു. റോഡിലൂടെ കടന്നുപോയ സ്വകാര്യ വാഹനങ്ങളും പ്രതിഷേധക്കാർ അടിച്ചു തകര്‍ത്തു.

Follow Us:
Download App:
  • android
  • ios