ഇടുക്കി: നെഹ്രു കുടുംബത്തെ അധിക്ഷേപിച്ച് ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍. പാരമ്പര്യമായി മോഷണം നടത്തുന്ന നെഹ്രു കുടുംബം ഗാന്ധിയുടെ പേരും മോഷ്ടിച്ചു. നെഹ്രുവിന്റെ അച്ഛന്റെ പാരമ്പര്യത്തില്‍ ഗാന്ധിയുണ്ടോയെന്നും എസ്. രാജേന്ദ്രന്‍ ചോദിച്ചു. സിപിഎം ഏരിയ കമ്മറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ നയവിശദീകരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് എസ് രാജേന്ദ്രന്‍റെ അധിക്ഷേപം. 

സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായണ് മൂന്നാറില്‍ സിപിഎം ഏരിയ കമ്മറ്റിയുടെ നേത്യത്വത്തില്‍ നയവിശദീകരണ യോഗം സംഘടിപ്പിച്ചത്. രാവിലെ മൂന്നാര്‍ ടൗണില്‍ സംഘടിപ്പിച്ച യോഗത്തില്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ഗാന്ധി കുടുംബത്തെ അക്കമിട്ട് അധിഷേപിച്ചു. 

നെഹ്രുവിന്റെ അച്ഛനോ ബന്ധപ്പെട്ടവര്‍ക്കോ ഗാന്ധിയെന്ന പേരില്ല. എന്നാല്‍ കോണ്‍ഗ്രസിന്റെ നേത്യത്വത്തിലുള്ള സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവരുടെ പേരിനൊപ്പം ഗാന്ധിയെന്ന പേര്‍ എങ്ങിനെയെത്തി. പാരമ്പര്യമായി മോഷണം നടത്തുന്ന നെഹ്‌റു കുടുംമ്പം യഥാര്‍ത്ഥത്തില്‍ ഗാന്ധിയുടെ പേര് മോഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.

"

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്നത് തെറ്റില്ല. തോട്ടംതൊഴിലാളികള്‍ക്ക് ശമ്പളം കുറവാണെന്നുള്ളത് സത്യമാണ്. എന്നാല്‍ കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളെ കാട്ടിലും കൂടുതല്‍ ശമ്പളമാണ് തൊഴിലാളികള്‍ക്ക് കേരളത്തില്‍ നല്‍കുന്നതെന്ന് മനസിലാക്കണമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. വിശദീകരണ യോഗം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.വി. ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗങ്ങളായ എ. രാജേന്ദ്രന്‍, ആര്‍. ഈശ്വരന്‍, യൂണിയന്‍ ജനറല്‍ സെക്രട്ടറി വി.ഒ ഷാജി. എരിയ സെക്രട്ടറി കെ.കെ. വിജയന്‍ എന്നിവര്‍ പങ്കെടുത്തു.