ഒന്നര നൂറ്റാണ്ടോളം പഴക്കമുളള കെട്ടിടം സിപിഎമ്മിന്‍റേതാകുന്നത് 1973ലാണ്. ആ വർഷം ഡിസംബർ അഞ്ചിന് ഇഎംഎസിന്‍റെ അധ്യക്ഷതയിൽ എ കെ ജിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. അന്ന് ജില്ലാ സെക്രട്ടറി എം വി രാഘവൻ ആയിരുന്നു.

കണ്ണൂ‍ർ: കണ്ണൂരിലെ സിപിഎം ആസ്ഥാനമായ അഴീക്കോടൻ സ്മാരക മന്ദിരം പൊളിച്ചു പണിയുന്നു. നാല് നിലകളിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടമാണ് അധികം വൈകാതെ പണിതുയരുക. കണ്ണൂരിലെ പാർട്ടിയുടെ അര നൂറ്റാണ്ടിന്‍റെ 
ചരിത്രമാണ് അഴീക്കോടൻ മന്ദിരത്തിന് പറയാനുള്ളത്. കരുത്തേറിയ കണ്ണൂരിൽ സിപിഎമ്മിന്‍റെ മുഖമാണ് തളാപ്പിലെ അഴീക്കോടൻ സ്മാരക മന്ദിരം.

കണ്ണൂർ പാർട്ടിയുടെ ചരിത്രം കടന്ന വാതിൽപ്പടികളാണ് മൂന്ന് നില കെട്ടിടത്തിലുള്ളത്. ഒന്നര നൂറ്റാണ്ടോളം പഴക്കമുളള കെട്ടിടം സിപിഎമ്മിന്‍റേതാകുന്നത് 1973ലാണ്. ആ വർഷം ഡിസംബർ അഞ്ചിന് ഇഎംഎസിന്‍റെ അധ്യക്ഷതയിൽ എ കെ ജിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. അന്ന് ജില്ലാ സെക്രട്ടറി എം വി രാഘവൻ ആയിരുന്നു. രക്തസാക്ഷികളുടെ പേരുകൾ നിറഞ്ഞ വരാന്ത, പാർട്ടി ക്ലാസുകളും പ്രസംഗങ്ങളും പതിഞ്ഞ എകെജി ഹാൾ. തൊട്ടടുത്തുളള ചടയൻ സ്മാരക മന്ദിരം... പൊളിച്ചുപുതുക്കുന്നതിൽ എല്ലാം ഉൾപ്പെടുന്നുണ്ട്.

അഴീക്കോടൻ രാഘവന്‍റെ കുടുംബത്തെ സഹായിക്കാനും സ്മാരകത്തിനുമായി പിരിച്ച പണത്തിൽ നിന്നാണ് കെട്ടിടം വാങ്ങിയത്. കാലപ്പഴക്കം കൊണ്ട് അടർന്നുവീഴുകയും ചോർന്നൊലിക്കുകയും ചെയ്തതോടെയാണ് പുതിയ മന്ദിരം നിർമ്മിക്കാൻ തീരുമാനിച്ചത്. കണ്ണൂരിലെ സിപിഎം വാർത്തകളിലും വിവാദങ്ങളിലും നിറഞ്ഞപ്പോഴെല്ലാം കേന്ദ്ര ബിന്ദുവായിരുന്ന കെട്ടിടമാണ് ഓർമയാകുന്നത്.

അതേസമയം, സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസായ, ചരിത്രമുറങ്ങുന്ന എം എൻ സ്മാരകവും പൊളിച്ച് പണിയുകയാണ്. പത്ത് കോടി ചെലവിൽ ആധുനിക സൗകര്യങ്ങളോടെയാണ് തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനം നവീകരിക്കുന്നത്. ഒന്നരക്കൊല്ലം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ദേശീയ തലത്തിൽ 1964 ൽ പാര്‍ട്ടി പിളര്‍ന്നപ്പോൾ തൊട്ട് സിപിഐയുടെ സംസ്ഥാന ആസ്ഥാനമാണ് എംഎൻ സ്മാരകം.

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയ 1957 ൽ പാര്‍ട്ടി സെക്രട്ടറിയായിരുന്ന എംഎൻ ഗോവിന്ദൻ നായരുടെ സ്മാരകമാണിത്. 1985 ലാണ് ഈ ഓഫീസ് എംഎൻ സ്മാരകമെന്ന് പേര് മാറ്റിയത്. രണ്ട് നില കെട്ടടത്തിന്റെ അസൗകര്യങ്ങളിൽ വീര്‍പ്പുമുട്ടുന്നതിനിടെയാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം പുതുക്കാൻ ആലോചന വന്നത്. 

പൊന്ന് തക്കാളി..! ക‍ർഷകന് ലഭിച്ച വില കേട്ട് ഞെട്ടി നാ‌ട്, തക്കാളിക്ക് ലഭിച്ചത് ഒന്നും രണ്ടുമല്ല ലക്ഷങ്ങൾ