ഭരണസമിതിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ്  ചെയര്‍മാനെതിരെ അസഭ്യപ്രയോഗം നടത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി കെ പ്രേംനാഥിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിലേക്ക് നീങ്ങാനാണ് ലീഗ് തീരുമാനം

കോഴിക്കോട്: സിപിഎം മുസ്ലീം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന കോഴിക്കോട് പെരുവയല്‍ പ‍ഞ്ചായത്തില്‍ രണ്ടാഴ്ചത്തേയ്ക്ക് പൊതുപരിപാടികള്‍ വിലക്കി ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി. ലീഗ് നേതൃത്വത്തിലുളള ഭരണസമിതിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് ചെയര്‍മാനെതിരെ അസഭ്യപ്രയോഗം നടത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി കെ പ്രേംനാഥിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിലേക്ക് നീങ്ങാനാണ് ലീഗ് തീരുമാനം.

ഇക്കഴിഞ്ഞ ഞായറാഴ്ച പെരുവയല്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷറഫുദ്ദീന്‍റെ നേതൃത്വത്തില്‍ രാത്രികാലത്ത് പഞ്ചായത്ത് ഓഫീസില്‍ ഫയലുകള്‍ പരിശോധിക്കുന്നതായാരോപിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. സെക്രട്ടറിയുടെ അനുമതിയില്ലാതെയാണ് രാത്രിയിൽ ഭരണകക്ഷി അംഗങ്ങള്‍ ഓഫീസ് തുറന്നതെന്നും കുടംബശ്രീയുടെ ഫയലുകള്‍ ഉള്‍പ്പെടെ പരിശോധിച്ചെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

എന്നാല്‍, അതിദരിദ്രരെ കണ്ടെത്താനുളള സര്‍വേയുടെ കാര്യങ്ങളാണ് പരിശോധിച്ചതെന്നാണ് ഭരണപക്ഷത്തിന്റെ മറുവാദം. പൊലീസ് ഇടപെട്ട് ഇരുകൂട്ടരെയും പിരിച്ച് വിട്ടെങ്കിലും പ്രതിഷേധം തണുത്തില്ല. ഇന്നലെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥിന്‍റെ അസഭ്യപ്രയോഗം. ഇതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ പെരുവയലില്‍ പ്രകടനം നടത്താന്‍ പദ്ധതിയിട്ടു.

ഇതിനെതിരെ രംഗത്തിറങ്ങുമെന്ന് സിപിഎമ്മും പ്രഖ്യാപിച്ചു. സര്‍വകക്ഷിയോഗം വിളിച്ചിട്ടും സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് രണ്ടാഴ്ചത്തേയ്ക്ക് പഞ്ചായത്തില്‍ പ്രകടനങ്ങളും ധര്‍ണകളുമടക്കം എല്ലാ പൊതുപരിപാടികളും വിലക്കി ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കിയത്. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനെതിരെ പ്രേംനാഥ് നടത്തിയ അസഭ്യ പ്രയോഗം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രേംനാഥിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് ലീഗ് തീരുമാനം. നാലു പതിറ്റാണ്ടായി സിപിഎം ഭരിച്ചിരുന്ന പെരുവയല്‍ പഞ്ചായത്തില്‍ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി യുഡിഎഫിനാണ് ഭരണം. ഇതിലുളള അസ്വസ്ഥതയാണ് നിലവാരം കുറഞ്ഞ പ്രതിഷേധത്തിലേക്കും പ്രയോഗങ്ങളിലേക്കും സിപിഎമ്മിനെ നയിക്കുന്നതെന്ന് യുഡിഎഫ് ആരോപിച്ചു.