സ്വാഗതം പറഞ്ഞ സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് വേദിയിലിരുന്ന ജയദേവന് സ്വാഗതവും പറഞ്ഞില്ല. സിപിഐ ദേശീയ കൗൺസിൽ അംഗം കൂടിയായ എംപിയുടെ പേര് പോലും ജില്ലാ സെക്രട്ടറി പരാമർശിച്ചില്ല. 

തൃശൂർ: സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ നിന്നുള്ള ചുമതലക്കാരന്‍, നിലവിലെ എംപി എന്നിട്ടും അവഗണനമാത്രമായിരുന്നു സി എന്‍ ജയദേവന് പുതിയ സ്ഥാനാര്‍ത്ഥിയെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള കണ്‍വെന്‍ഷനില്‍ നിന്ന് നേരിട്ടത്. ഇതില്‍ പ്രതിഷേധിച്ച് തൃശൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്‍റെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ നിന്ന് സി എന്‍ ജയദേവന്‍ ഇറങ്ങിപ്പോയി. 

സീറ്റ് നിഷേധിച്ചതിൽ അമർഷം പ്രകടിപ്പിച്ചുള്ള പ്രതികരണങ്ങൾക്ക് പിറകെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പങ്കെടുത്ത യോഗത്തിൽ നിന്ന് ഇറങ്ങിപോയത്. തൃശൂരിലെ ഇടതുമുന്നണി സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്‍റെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്ത ജയദേവന് സംസാരിക്കാൻ പോലും നേതൃത്വം അവസരം നൽകിയില്ല. മാത്രമല്ല, സ്വാഗതം പറഞ്ഞ സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് വേദിയിലിരുന്ന ജയദേവന് സ്വാഗതവും പറഞ്ഞില്ല. സിപിഐ ദേശീയ കൗൺസിൽ അംഗം കൂടിയായ എംപിയുടെ പേര് പോലും ജില്ലാ സെക്രട്ടറി പരാമർശിച്ചില്ല. 

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ പി രാജേന്ദ്രനും സി പി എം കേന്ദ്രകമ്മിറ്റിയംഗം കെ രാധാകൃഷ്ണനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനും മന്ത്രിമാരായ വി എസ് സുനിൽകുമാറിനും രവീന്ദ്രനാഥിനും സ്ഥാനാർഥി രാജാജി മാത്യു തോമസിനുമൊപ്പം സി എൻ ജയദേവൻ മുൻനിരയിൽ ഇരിപ്പുണ്ടായിരുന്നു. 

കൺവൻഷൻ ഉദ്ഘാടനം ചെയ്ത കാനം രാജേന്ദ്രനും പിന്നീട് സി പി എം നേതാവ് ബേബി ജോണിനും ശേഷം സ്ഥാനാർഥി രാജാജി മാത്യു തോമസിന് സംസാരിക്കാൻ അവസരം നൽകുകയായിരുന്നു. ഇതോടെയാണ് ജയദേവൻ വേദി വിട്ടിറങ്ങിയത്. രാജ്യത്തെ തന്നെ സി പി ഐയുടെ ഏക എം പിയാണ് ജയദേവൻ. മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് സീറ്റുറപ്പിച്ച ജയദേവനെ ഒഴിവാക്കി അപ്രതീക്ഷിതമായാണ് രാജാജിക്ക് തൃശൂര്‍ സീറ്റ് നൽകി സംസ്ഥാന നേതൃത്വം ഞെട്ടിച്ചത്. 

വിമർശിക്കുന്നതിന്‍റെ പേരിൽ സി പി എം നേതൃത്വത്തിനും അനഭിമതനായിരുന്നു ജയദേവൻ. സീറ്റ് നിഷേധത്തിനെതിരെ ജയദേവൻ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഗുരുവായൂരിൽ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച ഗുരുവായൂർ വികസന സെമിനാറിൽ മേൽപ്പാലം വരാത്തത് സംസ്ഥാന സർക്കാരിന്‍റെ കുഴപ്പമാണെന്ന് ജയദേവന്‍ ആരോപിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം വേദിയിൽ പാർട്ടി ജയദേവനെ തീര്‍ത്തും അവഗണിച്ചത്.