തൃശൂര്‍: ചാലക്കുടി പൊലീസ് സ്റ്റേഷനില്‍ എത്തിയ സി പി എം പ്രവര്‍ത്തകന്‍ പൊലീസ് തൊപ്പിവച്ച് സെല്‍ഫിയെടുത്തു. പുതുവര്‍ഷ രാത്രിയായിരുന്നു സംഭവം. ചാലക്കുടിയിലെ സി പി എം പ്രവര്‍ത്തകന്‍റെ ഫേസ്ബുക്കിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്.

ചാലക്കുടി സ്റ്റേഷനില്‍ പൊലീസ് തൊപ്പിയണിഞ്ഞായിരുന്നു സെല്‍ഫി. പുതുവര്‍ഷ രാത്രിയില്‍ ഗതാഗത നിയമം ലംഘിച്ച പലരേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പലയിടങ്ങളിലും ബഹളമുണ്ടാക്കിയവരേയും കസ്റ്റഡിയിലെടുത്തിരുന്നു. സ്റ്റേഷനുള്ളില്‍ തിരക്ക് കൂടിയപ്പോള്‍ കുറച്ചു പേരെ പുറത്തിരുത്തി. ഇവരില്‍ ഒരാളാകട്ടെ നിര്‍ത്തിയിട്ട ജീപ്പില്‍ നിന്ന് തൊപ്പിയെടുത്ത് സെല്‍ഫിയെടുത്തു. പൊലീസ് സ്റ്റേഷനിലാണ്, ഞെട്ടലില്‍ എന്ന് പോസ്റ്റുമിട്ടു. 

ഫേസ്ബുക്കില്‍ ചിത്രം പ്രചരിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥര്‍തന്നെ ഇടപ്പെട്ടു. പിന്നീട്, ഫേസ്ബുക്കില്‍ നിന്ന് ചിത്രം നീക്കം ചെയ്തു. ഇതിനിടെ, പൊലീസ് സ്റ്റേഷനില്‍ സി പി എം പ്രവര്‍ത്തകന്‍ പൊലീസ് തൊപ്പിയണിഞ്ഞ് ഫോട്ടോയെടുത്ത വിവരം സ്പെഷ്യല്‍ ബ്രാഞ്ചിന് വിവരം കിട്ടി. ഇതേപ്പറ്റി അന്വേഷിച്ച് സംസ്ഥാന, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.