500 രൂപയുടെ 391 ഡ്യൂപ്ലിക്കേറ്റ് നോട്ടുകളാണ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തത്. വ്യാജ നോട്ട് പച്ചക്കറിക്കടകളിിലും, മീന്‍കടകളിലും, വിവിധ മാര്‍ക്കറ്റുകളിലും, ലോട്ടറി കടയിലുമൊക്കെ കൊടുത്തു വിനിമയം ചെയ്യുകയാണ് പതിവെന്ന് പൊലീസ്.

മലപ്പുറം: സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് പൊതുവിപണിയിൽ ഉപയോഗിച്ച സിനിമാ ആർട്ട് സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ആർട്ട് അസിസ്റ്റന്‍റായി ജോലി നോക്കുന്ന ആലപ്പുഴ സ്വദേശി വളവില്‍ചിറ ഷല്‍ജിനെ (50) യാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നും വ്യാജ 500 നോട്ടുകൾ പൊലീസ് പിടികൂടി. ഈ നോട്ടുകളില്‍ ഫിലിം ഷൂട്ടിങിനായി മാത്രം ഉപയോഗിക്കുന്ന മുന്നറിയിപ്പ് എഴുതിയത് മായ്ച്ചുകളഞ്ഞാണ് വിപണിയില്‍ വിനിമയം നടത്തിയിരുന്നത്. എറണാകുളത്തെ പ്രസ്സിൽ നിന്നാണ് നോട്ട് വാങ്ങിയതെന്ന് പ്രതി പറഞ്ഞു.

500 രൂപയുടെ 391 ഡ്യൂപ്ലിക്കേറ്റ് നോട്ടുകളാണ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തത്. വ്യാജ നോട്ട് പച്ചക്കറിക്കടകളിിലും, മീന്‍കടകളിലും, വിവിധ മാര്‍ക്കറ്റുകളിലും, ലോട്ടറി കടയിലുമൊക്കെ കൊടുത്തു വിനിമയം ചെയ്യുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. കുറ്റിപ്പുറം തവനൂര്‍ റോഡിലുള്ള ജിലേബി കടക്കാരന്റെ കടയില്‍ 500 രൂപ നോട്ട് കൊടുത്ത് 70 രൂപക്ക് ജിലേബി വാങ്ങിയ ഷൽജിൻ ബാക്കി 430 രൂപയുമായി തിരിച്ചു പോയി. എന്നാൽ സംശയം തോന്നിയ കടക്കാരന്‍ കയ്യില്‍ ഉണ്ടായിരുന്ന മറ്റൊരു 500 നോട്ടുമായി ഒത്തു നോക്കിയതില്‍ താൻ പറ്റിക്കപ്പെട്ടതായി തിരിച്ചറിഞ്ഞു.

നോട്ടിന്റെ കനത്തില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് കടക്കാരൻ ബഹളം വെച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ഷല്‍ജിനെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. കുറ്റിപ്പുറം, എടപ്പാൾ, പൊന്നാനി ഭാഗങ്ങളിലായി ഇത്തരം ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ ഇയാൾ നിത്യോപയോഗസാധനങ്ങൾ വാങ്ങുന്നതിന്റെ മറവിൽ മാർക്കറ്റുകളിൽ ചെലവഴിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടു വർഷത്തോളമായി ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്ത് പ്രതിയെ തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.