തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ ഖനനത്തിൻ്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വിലയിരുത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവ്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സമിതിയുടെ നിർദ്ദേശമനുസരിച്ച് തുടർ ഖനനം നടത്തേണ്ടതെന്നും കോടതി.
കൊച്ചി: തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ ഖനനത്തിൻ്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വിലയിരുത്താൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ഹൈക്കോടതി. രണ്ടു മാസത്തിനകം സമിതി രൂപീകരിക്കണമെന്നാണ് ചീഫ് സെക്രട്ടറിയ്ക്ക് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകിയത്. ആലപ്പുഴ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാവണം സമിതി രൂപീകരിക്കേണ്ടത്. സമിതിയിൽ ജലസേചന വകുപ്പ്, വനം വന്യജീവി വകുപ്പ്, തീര മാനേജ്മെൻ്റ് അതോറിറ്റി പ്രതിനിധികൾ ഉണ്ടാവണം. പുറക്കാട്, തകഴി ഗ്രാമ പഞ്ചായത്ത് പ്രതിനിധികളും പരിസ്ഥിതി വിഷയങ്ങളിൽ പ്രാവീണ്യമുള്ള എൻജിഒ പ്രവർത്തകരിലൊരാളും സമിതിയിൽ വേണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മണൽ ഖനനവുമായി ബന്ധപ്പെട്ട മുഴുവൻ പാരിസ്ഥിതിക വിഷയങ്ങളും വിദഗ്ധ സമിതി പരിശോധിക്കണം. ഈ സമിതിയുടെ നിർദ്ദേശമനുസരിച്ചാവണം തുടർ ഖനനമെന്നും കോടതി നിർദ്ദേശിച്ചു. അഡ്വ. ലിജു വി സ്റ്റീഫനാണ് ഹർജിക്കാർക്കു വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.


