ഇടുക്കി: ഇടുക്കിയിൽ യുഡിഎഫിന് വോട്ട് മറിച്ച് നൽകിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് എൻഡിഎ. പരാജയഭീതി കൊണ്ടാണ് സിപിഎം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് എൻഡിഎ സ്ഥാനാ‍ർത്ഥി ബിജുകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇടുക്കിയിൽ ഇത്തവണ രേഖപ്പെടുത്തിയത് ചരിത്രത്തിലെ മികച്ച രണ്ടാമത്തെ പോളിംഗാണ് ഇത്തവണ നടന്നത്. 76.26ശതമാനം. ഉയർന്ന പോളിംഗ് മുന്നണികളുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചതിന് പിന്നാലെയാണ് ആരോപണ പ്രത്യാരോപണങ്ങൾ ഉയരുന്നത്. എൻഡിഎ ഇടുക്കിയിൽ ബിഡിജെഎസിന് സീറ്റ് നൽകി ദു‍ർബലനായ സ്ഥാനാർത്ഥിയെ നിർത്തി യുഡിഎഫിന് വോട്ട് മറിച്ച് നൽകിയെന്നാണ് എൽഡിഎഫിന്‍റെ ആരോപണം.

മണ്ഡലത്തിൽ പലയിടത്തും എൻഡിഎ ബൂത്ത് കെട്ടിയിരുന്നില്ല. ചിലയിടങ്ങളിൽ പോളിംഗ് ഏജന്റുമാരും ഇല്ലായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രവർത്തകർ വിട്ടുനിന്നതെന്നും ആരോപണമുണ്ട്.

മണ്ഡലത്തിൽ ഇത്തവണ അധികം രേഖപ്പെടുത്തിയ ഒരു ലക്ഷത്തോളം വോട്ടുകളിൽ ഭൂരിപക്ഷവും തങ്ങൾക്ക് ലഭിക്കുമെന്നും ഫലം അനുകൂലമാകുമെന്നുമാണ് എൻഡിഎയുടെ പ്രതീക്ഷ. മെയ് 23ന് ഫലം വരുന്പോൾ ആരോപണങ്ങളിലെ പൊള്ളത്തരം വെളിവാക്കപ്പെടുമെന്നും എൻഡിഎ അവകാശപ്പെടുന്നു