ജമാലിനെ പഞ്ചായത്ത് അംഗസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് സിപിഎം പള്ളിക്കല്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ പഞ്ചായത്ത് അംഗത്തിനെതിരെ സിപിഎം. പള്ളിക്കല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് വളപ്പില്‍ മുഹമ്മദ് അബ്ദുള്‍ ജമാല്‍ (35) ആണ് പീഡന പരാതിയിൽ അറസ്റ്റിലായത്. ജമാലിനെ പഞ്ചായത്ത് അംഗസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് സിപിഎം പള്ളിക്കല്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

ജമാല്‍ പഞ്ചായത്ത് അംഗത്വം സ്വയം രാജിവെക്കണമെന്നും തയ്യാറായില്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റൊ പഞ്ചായത്ത് ഡയറക്ടറോ പുറത്താക്കണമെന്നുമെന്നാണ് സിപിഎമ്മിന്‍റെ ആവശ്യം. എന്നാല്‍ ലഹരി മാഫിയയ്‌ക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ജമാലിനെ കേസില്‍ കുരുക്കി വേട്ടയാടുന്നതെന്നും ഈ ആരോപണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

വിവാഹ വാഗ്ദാനം നല്‍കി കാക്കഞ്ചേരിയിലെ ഒരു ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചെന്നാണ് ജമാലിനെതിരായ പരാതി. പരാതിക്കാരിയായ യുവതി മൂന്നുദിവസം മുമ്പ് കാക്കഞ്ചേരി പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലിസ് നടപടി സ്വീകരിച്ചിരിക്കുന്നത്. തേഞ്ഞിപ്പലം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ജമാൽ കരിപ്പൂരിനെ അറസ്റ്റ് ചെയ്തത്. പരാതിയില്‍ ജമാലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.