ഇടുക്കി: ഇടുക്കിയിലെ രക്തസാക്ഷി അനീഷ് രാജന്റെ മൃതദേഹം സംസ്‌കരിച്ച ശ്മശാനത്തിനെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കളക്ടര്‍ക്ക് പരാതി നല്‍കിയത് പാര്‍ട്ടിക്കുള്ളില്‍ വിവാദമാകുന്നു. 29 പെന്തക്കോസ്ത് വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ശ്മശാനത്തിന്റെ അനുമതി റദ്ദാക്കണമെന്നാണ് പരാതിയിലെ ആവശ്യം. അനീഷ് രാജന്റെ കല്ലറ സ്ഥിതി ചെയ്യുന്ന പ്രദേശം കാട് കയറി നശിയ്ക്കുകയാണ്. രക്തസാക്ഷി മണ്ഡപത്തിനായി പിരിച്ചെടുത്ത പണം എവിടെ പോയെന്ന് സംബന്ധിച്ചും വിവാദം പുകയുന്നുണ്ട്.

സിപിഎം രക്തസാക്ഷിയായ ഡിവൈഎഫ്ഐ നേതാവ് അനീഷ് രാജന്റെ മൃതദേഹം നെടുങ്കണ്ടം പാമ്പാടുംപാറ പഞ്ചായത്തിലെ കൗന്തിയിലാണ് സംസ്‌കരിച്ചിരിക്കുന്നത്. ബിലീവേഴ്സ് ചര്‍ച്ച് ഉള്‍പ്പടെ 29 പെന്തക്കോസ്ത് വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ശ്മശാനത്തിന്റെ അനുമതി റദ്ദാക്കണമെന്നാവശ്യപെട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഇടുക്കി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 

അരനൂറ്റാണ്ടായി ഉപയോഗിക്കുന്ന ശ്മശാനത്തില്‍ വ്യത്യസ്ഥ സഭാ വിശ്വാസികളായ നിരവധി പേരെ അടക്കം ചെയ്തിട്ടുണ്ട്. പരാതിയ്ക്കെതിരെ ശ്മശാന ഉടമകളായ സഭാ നേതൃത്വം പ്രതിഷേധം അറിയിച്ചു. അനീഷ് രാജന് രക്തസാക്ഷി മണ്ഡപം ഒരുക്കാനായി സിപിഎം പിരിച്ചെടുത്ത 90 ലക്ഷത്തോളം രൂപ എവിടെയെന്ന് വ്യക്തമാക്കണെമെന്ന് കോണ്‍ഗ്രസ് ആവശ്യപെട്ടു. 

നിലവില്‍ അനീഷ് രാജന്റെ കല്ലറ ഉള്‍പ്പെടുന്ന പ്രദേശം കാട് പിടിച്ച് കിടക്കുകയാണ്. രക്തസാക്ഷിയെ അടക്കം ചെയ്ത ശ്മശാനത്തിനെതിരെ നിലപാടെടുത്ത പ്രാദേശീക നേതാവിനെതിരെ പാര്‍ട്ടിയിലും കടുത്ത അമര്‍ഷം ഉയരുന്നുണ്ട്. എന്നാല്‍ സിപിഎം സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.