മേശ തുടയ്ക്കുന്നതിനിടെ ദേഹത്ത് വെള്ളം വീണെന്ന് പറഞ്ഞ് ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ സംഘര്‍ഷം. ചേര്‍ത്തല എക്സറേ ജങ്ഷനിലെ ഹോട്ടലിൽ നടന്ന സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
ആലപ്പുഴ:ചേർത്തലയിലെ ഹോട്ടലിൽ ജീവനക്കാരും ഡിവൈഎഫ്ഐ-സിപിഎം നേതാക്കളും തമ്മിൽ സംഘര്‍ഷം ഹോട്ടൽ ജീവനക്കാർ ഹോട്ടലിലെ മേശ തുടയ്ക്കുമ്പോൾ ദേഹത്ത് വെള്ളം വീണെന്ന് പറഞ്ഞായിരുന്നു തർക്കം. കഴിഞ്ഞ ദിവസം നടന്ന സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക് പ്രസിഡന്‍റ് വിനീഷ് വിജയൻ, മുൻ ലോക്കൽ സെക്രട്ടറിയും ബാർ അസോസിയേഷൻ ഭാരവാഹിയുമായ അഡ‍്വ. സുരരാജ്, സംസ്ഥാന കമ്മിറ്റി അംഗം കെ. പ്രസാദിന്‍റെ മകൻ ബാലസുബ്രഹ്മണ്യൻ എന്നിവരാണ് ജീവനക്കാരുമായി ഏറ്റുമുട്ടിയത്.
ഇവർ മൂന്നു പേരും അഭിഭാഷകരാണ്. ചേർത്തല എക്സറെ ജംഗ്ഷനിലെ മധുവിന്‍റെ കടയിലാണ് കഴിഞ്ഞ ദിവസം സംഘർഷം നടന്നത്. എന്നാൽ, ഇരുകൂട്ടർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടില്ല. സംഭവം നടക്കുന്നത് സിപിഎം സംസ്ഥാന സമ്മേളനസമയത്തായതിനാൽ നിയമ നടപടിയിലേക്ക് നീങ്ങാതിരിക്കാനും സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാനും പാർട്ടി സമ്മർദം ചെലുത്തിയെന്നാണ് വിവരം. സമ്മേളനം കഴിഞ്ഞശേഷമാണിപ്പോള്‍ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നത്.

