ഏരിയാ സമ്മേളനത്തിൽ പങ്കെടുക്കാതെ, വിമത കൺവെൻഷൻ വിളിച്ചും ഡിവൈഎഫ്ഐ നേതൃസംഗമങ്ങൾ വിളിച്ചും വിമത൪ ശക്തി തെളിയിക്കുന്നതിനിടെയാണ് നേതൃത്വത്തിന്‍റെ അനുനയനീക്കം
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ വിമതരെ അനുനയിപ്പിക്കാൻ ശ്രമം ആരംഭിച്ച് സിപിഎം ജില്ലാ നേതൃത്വം. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശപ്രകാരമാണ് വിമതരെ തിരിച്ചു കൊണ്ടുവരാനുള്ള ജില്ലാ നേതൃത്വത്തിന്‍റെ നീക്കം. സിപിഎം ജില്ലാ നേതൃത്വം നേരിട്ട് വിമത നേതാക്കളുമായി ഒന്നിലധികം ച൪ച്ചകൾ നടത്തിയെന്നാണ് വിവരം. മുന്നോട്ടുവെച്ച നിബന്ധനകൾ അംഗീകരിച്ചാൽ ഒപ്പം നിൽക്കാമെന്ന നിലപാടിലാണ് വിമത൪.
ഏരിയാ സമ്മേളനത്തിൽ പങ്കെടുക്കാതെ, വിമത കൺവെൻഷൻ വിളിച്ചും ഡിവൈഎഫ്ഐ നേതൃസംഗമങ്ങൾ വിളിച്ചും വിമത൪ ശക്തി തെളിയിക്കുന്നതിനിടെയാണ് നേതൃത്വത്തിന്‍റെ അനുനയനീക്കം. ചിറ്റൂ൪ മുൻ ഏരിയാ കമ്മിറ്റി അംഗവും കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്‍റുമായ എം സതീഷ്, മുൻ ലോക്കൽ സെക്രട്ടറി വി ശാന്തകുമാ൪ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജില്ലാ -ഏരിയാ നേതൃത്വത്തിനെതിരെ രൂക്ഷവിമ൪ശനവുമായി വിമതർ രംഗത്തെത്തിയത്. ആദ്യം മുഖം തിരിച്ച സിപിഎം ജില്ലാ നേതൃത്വം, സംസ്ഥാന നേതൃത്വത്തിന്‍റെ നിർദ്ദേശം ലഭിച്ചതോടെയാണ് അനുനയ നീക്കങ്ങൾ ആരംഭിച്ചത്.
ഇരുകൂട്ടർക്കും സമ്മതനായ ഒരാളെ മധ്യസ്ഥനാക്കിയാണ് ചർച്ച. മധ്യസ്ഥന്‍റെ വീട്ടിൽ നടന്ന ചർച്ചയിൽ ഇരു വിഭാഗവും പങ്കെടുത്തെങ്കിലും ഒത്തുതീർപ്പുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. കൊഴിഞ്ഞാമ്പാറ - ഒന്നിലെ, ലോക്കൽ സെക്രട്ടറിയായി മുൻ കോൺഗ്രസ് നേതാവിനെ ചുമതലപ്പെടുത്തിയതാണ് ഒരു വിഭാഗത്തിന്‍റെ പ്രതിഷേധത്തിന് കാരണമായത്. കൊഴിഞ്ഞാമ്പാറ - ഒന്ന്, ലോക്കൽ സെക്രട്ടറിയെ മാറ്റാതെ ഒത്തു തീർപ്പിനില്ലെന്ന നിലപാടിലാണ് വിമതർ.
എന്നാൽ ജില്ലാസമ്മേളനം കഴിഞ്ഞതിന് ശേഷം തുടർ ചർച്ചകൾ നടത്താനാണ് ജില്ലാ നേതൃത്വത്തിന്‍റെ ആലോചന. കഴിഞ്ഞ ദിവസം വിമതരുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ ശക്തിപ്രകടനം നടത്തിയിരുന്നെങ്കിലും സിപിഎം നേതൃത്വത്തിനെതിരെ കടന്നാക്രമിക്കാതെയായിരുന്നു കൺവെൻഷൻ പൂ൪ത്തീകരിച്ചത്. സമാന്തരമായി ഡിവൈഎഫ്ഐ കമ്മിറ്റി രൂപീകരിക്കാത്തതും ച൪ച്ച പുരോഗമിക്കുന്നതിന്‍റെ ഭാഗം തന്നെയെന്നാണ് സൂചന.
