രാത്രി പത്തര കഴിഞ്ഞാൽ ജി സുധാകരൻ വിളിക്കുന്ന കോളിന്റെ സ്വഭാവം തങ്ങൾക്കറിയാമെന്ന് എച്ച് സലാം എംഎൽഎ. സുധാകരന്റെ ഓഫീസിലേക്ക് സിപിഎം പ്രതിഷേധ പ്രകടനം നടത്തുകയും, പാർട്ടി ജില്ലാ സെക്രട്ടറി ആർ നാസർ സുധാകരനെതിരെ ഭീഷണി മുഴക്കുകയും ചെയ്തു.
ആലപ്പുഴ: രാത്രി പത്തര കഴിഞ്ഞാൽ സുധാകരൻ വിളിയ്ക്കുന്ന കോളിൻ്റെ ടോണും ലാസ്യഭാവവും ഞങ്ങൾക്കറിയാമെന്ന് സിപിഎം നേതാവ് എച്ച് സലാം. ഇതൊന്നും ഞങ്ങളെ കൊണ്ട് പറയിക്കരുത്. തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോ സുധാകരൻ സ്വന്തം നിലയ്ക്ക് പിരിച്ച ലക്ഷങ്ങളുടെ കണക്ക് പുറത്തു വിടണമെന്നും സലാം ആവശ്യപ്പെട്ടു.
അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്റെ ഓഫീസിലേക്ക് സി പി എം പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം സംസാരിച്ച സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, സുധാകരനെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. കള്ളക്കേസെടുക്കുന്ന പൊലീസുകാരെ കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയ നാസർ, സുധാകരനെതിരെ രൂക്ഷവിമർശനമാണ് അഴിച്ചുവിട്ടത്. തങ്ങളുടെ ക്ഷമിക്ക് പരിധിയുണ്ടെന്നും ഇതുപോലെയുള്ള പണികൾ അവസാനിപ്പിച്ചില്ലെങ്കിൽ സുധാകരനെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി തുറന്നടിച്ചു.
സിപിഎം ബന്ധം ഉപേക്ഷിച്ചത് മുതൽ ജി സുധാകരനും പാർട്ടിയും തമ്മിലുള്ള കൊമ്പുകോർക്കലിന്‍റെ ഏറ്റവും പുതിയ അധ്യായമായിരുന്നു ഇന്ന് നടന്നത്. യു ഡി എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി അമ്പലപ്പുഴയിൽ ജയിച്ച സുധാകരൻ, ഏറ്റവുമൊടുവിലായി ഡി വൈ എഫ് ഐയുടെ പൊതിച്ചോർ വിതരണത്തിനെതിരെ നടത്തിയ പരാമർശങ്ങളാണ് പുതിയ സംഭവങ്ങളുടെ കാരണം.
