കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ച് കടന്നുകളഞ്ഞ പെരുമണ്ണ സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി.
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി കാഷ്വാലിറ്റിക്ക് സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് പിടികൂടി. കോഴിക്കോട് പെരുമണ്ണ സ്വദേശി പുല്ലായയില്‍ വീട്ടില്‍ വിവേകി(24) നെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാഷ്വാലിറ്റിക്ക് സമീപം പേ പാര്‍ക്കിങില്‍ നിര്‍ത്തിയിട്ടിരുന്ന മലപ്പുറം സ്വദേശിയായ ജിനൂപിന്റെ ഓട്ടോറിക്ഷയാണ് വിവേക് മോഷ്ടിച്ചത്. തുടര്‍ന്ന് ജിനൂപ് നല്‍കിയ പരാതിയില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും വിവേകിനെപ്പറ്റിയുള്ള സൂചന ലഭിച്ചു. പെരുമണ്ണക്ക് സമീപത്ത് വെച്ചാണ് മോഷ്ടാവിനെ പിടികൂടിയത്. എസ്.ഐമാരായ അരുണ്‍, ഭവിത, സിവില്‍ പോലീസ് ഓഫീസര്‍ വൈശാഖ് എന്നിവര്‍ ചേര്‍ന്നാണ് വിവേകിനെ പിടികൂടിയത്. ഇയാള്‍ 2024ലും ഓട്ടോറിക്ഷ മോഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
അന്ന് മെഡിക്കല്‍ കോളേജിലെ പഴയ കാഷ്വാലിറ്റി ബ്ലോക്കിന് സമീപം നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. 2023ല്‍ പന്തീരങ്കാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പുത്തൂര്‍മഠത്തുള്ള കൂള്‍ബാറില്‍ വെച്ച് മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയതിനും പുത്തൂരുള്ള വീട്ടിലെ ഷെഡില്‍ നിര്‍ത്തിയിട്ട ട്രാവലറില്‍ നിന്നും സ്പീക്കറും പെന്‍ഡ്രൈവും മോഷണം നടത്തിയതിനും കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.


