പാലക്കാട് സിപിഎം പ്രാദേശിക നേതാവിന് മർദനമേറ്റെന്ന പരാതി; പൊലീസുകാരനെതിരെ കേസെടുത്ത് മങ്കര പൊലീസ്
മര്‍ദനത്തില്‍ പരിക്കേറ്റ ഹംസ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
പാലക്കാട്: പാലക്കാട് മങ്കരയിൽ സിപിഎം പ്രാദേശിക നേതാവിനെ പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചെന്ന പരാതിയിൽ കേസ്. മങ്കര പൊലീസ് ആണ് ആരോപണവിധേയനായ മങ്കര സ്റ്റേഷനിലെ സി പി ഒ അജീഷിനെതിരെ കേസെടുത്തിരിക്കുന്നത്. മങ്കര സ്വദേശിയായ മുൻ ബ്രാഞ്ച് സെക്രട്ടറി ഹംസയ്ക്കാണു ഇന്നലെ മർദനമേറ്റത്. എന്നാൽ പരാതിയിൽ പൊലീസുകാരനെതിരെ ചുമത്തിയത് നിസാര വകുപ്പാണന്നും എഫ്ഐആറിൽ കൈ കൊണ്ട് തല്ലി എന്ന് മാത്രമാണുള്ളതെന്നും പൊലീസുകാർ ഒത്തുതീർപ്പിന് ശ്രമിച്ചതായും പരാതിക്കാരനായ ഹംസ ആരോപിച്ച് രംഗത്തെത്തി.
പഞ്ചായത്ത് അംഗത്തിനൊപ്പം നിൽക്കുകയായിരുന്ന തന്നെ കാറിൽ നിന്നിറങ്ങിയ പൊലീസുകാരൻ പ്രകോപനം കൂടാതെ ആക്രമിച്ചുവെന്നാണ് സിപിഎം പ്രാദേശിക നേതാവായ ഹംസ പരാതി നൽകിയത്. മറ്റൊരാളുമായുള്ള സാമ്പത്തിക ഇടപാടിനെ ചൊല്ലിയായിരുന്നു മർദനമെന്നാണ് വിവരം. പൊലീസുകാരൻ മദ്യപിച്ചിരുന്നതായും ഹംസ പറയുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ഹംസ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.