കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് തടഞ്ഞ് സിപിഎം പഞ്ചായത്ത് പ്രസിഡന്റ്. കുട്ടനാട്ടിലെ കാവാലം പഞ്ചായത്ത് പ്രസിഡന്റ് പിജെ ജോഷിയാണ് കുട്ടികളെ ഭീഷണിപ്പെടുത്തിയത്.
ആലപ്പുഴ: കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് തടഞ്ഞ് സിപിഎം പഞ്ചായത്ത് പ്രസിഡന്റ്. കുട്ടനാട്ടിലെ കാവാലം പഞ്ചായത്ത് പ്രസിഡന്റ് പിജെ ജോഷിയാണ് കുട്ടികളെ ഭീഷണിപ്പെടുത്തിയത്. പാർട്ടിയുടെ പേര് പറഞ്ഞ് വീമ്പു പറഞ്ഞായിരുന്നു ജോഷി കുട്ടികളോട് കയർത്തത്. സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റി അംഗം കൂടിയാണ് ജോഷി. സംഭവ സമയത്ത് ജോഷി മദ്യലഹരിയിൽ ആയിരുന്നുവെന്ന് കുട്ടികൾ ആരോപിച്ചു. ഏറെ നേരത്തെ തർക്കത്തിനൊടുവിൽ നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനെ പിടിച്ചു മാറ്റുകയായിരുന്നു.
പഞ്ചായത്ത് ഗ്രൌണ്ടിൽ കളിക്കുന്നതിനിടെ ആയിരുന്നു ജോഷി എത്തിയത്. ഗ്രൗണ്ടിലുള്ള പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്ന മുറിയുടെ പൂട്ട് ആരോ പൊളിച്ചത് അന്വേഷിക്കാൻ എത്തിയതാണെന്ന് ജോഷി എന്നാണ് വിവരം. അതേസമയം കളി സ്ഥലത്ത് മാലിന്യങ്ങൾ ഇട്ടത് കുട്ടികൾ ചോദ്യം ചെയ്തതാണ് ജോഷിയുടെ പ്രകോപനത്തിന് കാരണമെന്നാണ് വീഡിയോയിൽ കുട്ടികൾ പറയുന്നത്.
സിറിഞ്ചടക്കമുള്ള മാലിന്യങ്ങൾ ഗ്രൌണ്ടിൽ തള്ളിയിട്ടുണ്ടെന്നും അതാണ് ഗ്രൂപ്പിൽ ചർച്ചയാക്കിയതെന്നും കുട്ടികൾ പ്രസിഡന്റിനോട് പറയുന്നു. കഴിഞ്ഞ ദിവസം പാമ്പ് വന്നത് കണ്ടിരുന്നോ എന്നും, അടുത്തുള്ളത് അംഗനവാടിയല്ലേ എന്നും കുട്ടികൾ ചോദിക്കുന്നുണ്ട്. നിങ്ങളുടെതടക്കമുള്ള വീട്ടിലെ പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെ ഉള്ളതെന്ന് ജോഷി പറയുന്നു. അത് കൂട്ടിയിടേണ്ടത് ഇവിടെ ആണോ എന്ന് കുട്ടികളും ചോദിക്കുന്നത് വീഡിയോയിലുണ്ട്.
മദ്യപിച്ചെത്തിയാണോ ഇത്തരം കാര്യങ്ങൾ സംസാരിക്കേണ്ടതെന്നും കുട്ടികൾ ചോദിക്കുന്നുണ്ട്. തുടർന്നായിരുന്നു മോശം ഭാഷയിൽ കുട്ടികളോട് ജോഷി സംസാരിച്ചത്. ഞാൻ സിപിഎം കാരനാണെന്നും ഇതിനിടെ കുട്ടികളോട് ജോഷി പറയുന്നുണ്ട്. ഇവിടെ തെമ്മാടിത്തരം കാണിക്കരുതെന്ന് ജോഷി പറയുമ്പോൾ, ഞങ്ങൾ എന്ത് ചെയ്തുവെന്നും കുട്ടികൾ ചോദിക്കുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ കുട്ടികളിൽ ഒരാൾ തന്നെയാണ് പകർത്തിയത്.
