തിരുവനന്തപുരം: കിളിമാനൂരിലെ ബഡ്സ് സ്കൂളിൽ നിന്ന് ഈട്ടിത്തടി മുറിച്ച് കടത്തിയ കേസിൽ ഒളിവിലായിരുന്ന സിപിഎം പഞ്ചായത്തംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഴയകുന്നുമ്മേല്‍ പഞ്ചായത്തംഗമായ കെ ഷിബുവാണ് കസ്റ്റഡിയിലായത്. കൂട്ടാളിയായ വിനോദിനോടൊപ്പം ഇയാൾ കീഴടങ്ങുകയായിരുന്നുവെന്നാണ് സൂചന.

പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിലെ തട്ടത്തുമല ബഡ്സ് സ്കൂൾ വളപ്പിൽ നിന്നാണ് ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന ഈട്ടിത്തടി, ചെമ്പകശ്ശേരി വാർഡ് മെമ്പറും സിപിഎം അടയമൺ ലോക്കൽ കമ്മിറ്റി അംഗവുമായ കെ ഷിബുവും വിനോദും ചേർന്ന് മുറിച്ച് കടത്തിയത്. മരം അറുത്ത് ഉരുപ്പടികളാക്കിയിരുന്നു. സംഭവം പുറത്തറിഞ്ഞതോടെയാണ് ഇവർ ഒളിവിൽ പോയത്.