നിർമ്മാണം നടക്കുന്ന കൊല്ലം ദേശീയപാത 66-ൽ വീണ്ടും വിള്ളൽ കണ്ടെത്തി. കാവനാട് ആൽത്തറമൂട് മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിലാണ് നൂറുമീറ്ററോളം ദൂരത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടത്.  

കൊല്ലം: നിർമാണം നടക്കുന്ന ദേശീയപാത 66-ൽ വീണ്ടും വിള്ളൽ. കാവനാട് ആൽത്തറമൂട് മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡിൽ ചെപ്പള്ളിമുക്ക് ഭാഗത്താണ് നൂറുമീറ്ററോളം ദൂരത്തിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് വിള്ളൽ കണ്ടത്. തുടർന്ന് കോർപ്പറേഷൻ കൗൺസിലർ ദീപു ഗംഗാധരനെ വിവരംഅറിയിക്കുകയായിരുന്നു. വിള്ളൽ വീണ ഭാഗത്ത് ഇന്നലെ കൂടുതൽ വീണ്ടുകീറുകയും ചെയ്തു. ഇവിടെ ടാറും മണലും ഉപയോഗിച്ച് വിള്ളൽ അടയ്ക്കാനും ശ്രമം നടത്തി.

Add Asianetnews as a Preferred SourcegooglePreferred

രണ്ടുമാസംമുൻപ് ഇതേഭാഗത്ത് മണ്ണുനിറച്ചു നിർമ്മാണംനടക്കുന്നതിനിടയിൽ മണ്ണ് താഴേക്കിറങ്ങി ഭിത്തി തള്ളിവന്നിരുന്നു. കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതോടെ അത്രയുംഭാഗത്തെ മണ്ണുനീക്കിവീണ്ടും ബലപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്. വിള്ളലുണ്ടായ ഭാഗത്തുനിന്ന് താഴേക്ക് മഴവെള്ളം ഊർന്നിറങ്ങുന്നത് കൂടുതൽ അപകടത്തിനും സാധ്യതയുണ്ട്. റോഡ് നിർമാണം ഇവിടെ എറക്കുറെ പൂർത്തിയായങ്കിലും ഗതാഗതത്തിനായി തുറന്നുനൽകിയിട്ടില്ല.

സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. മൂന്നുദിവസംമുൻപ് നീരാവിൽ ഭാഗത്തും സമാനമായ രീതിയിൽ റോഡിൽ വിള്ളൽ കണ്ടെത്തിയിരുന്നു. ടാറും മണലും ഉപയോഗിച്ച് വിള്ളൽ അടയ്ക്കാൻ ശ്രമിച്ചത് നാട്ടുകാർ ചോദ്യംചെയ്തത് വാക്കേറ്റത്തിനും ഇടയാക്കി. അടിയ്ക്കടി പലഭാഗത്തും ഉണ്ടാകുന്നവിള്ളൽ ടാർ ഉപയോഗിച്ച് അടയ്ക്കാൻ ശ്രമം നടത്തുന്നതായാണ് ആക്ഷപം.