Asianet News MalayalamAsianet News Malayalam

കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാർക്കിലെ വിള്ളൽ: മലപ്പുറം അഗ്‌നിശമന സേനാ സംഘം സ്ഥലം സന്ദർശിച്ചു

കോട്ടക്കുന്ന് ഡിടിപിസി പാർക്കിലെ വിള്ളൽ കണ്ടെത്തിയ പ്രദേശം അഗ്‌നിരക്ഷാ സേന മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ സന്ദർശിച്ചു

Crack at Kotakkunnu Amusement Park The Malappuram Fire Brigade visited the site
Author
Kerala, First Published Jun 20, 2021, 12:39 PM IST

മലപ്പുറം:  കോട്ടക്കുന്ന് ഡിടിപിസി പാർക്കിലെ വിള്ളൽ കണ്ടെത്തിയ പ്രദേശം അഗ്‌നിരക്ഷാ സേന മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ സന്ദർശിച്ചു. മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വൈകുന്നേരം നാല് മണിയോടെ  സ്ഥലത്തെത്തിയത്. 

പ്രദേശം മുഴുവൻ സന്ദർശിച്ച സംഘം സ്ഥിതിഗതികൾ വിലയിരുത്തി. പാർക്കിന് സമീപമായി താമസിക്കുന്നവരുടെ വീടുകളും സംഘം സന്ദർശിച്ചു. വീട്ടുകാരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കനത്ത മഴ വരുന്ന സാഹചര്യത്തിൽ രാത്രിയിൽ പ്രദേശത്തുള്ളവർ വീടുകളിൽ തങ്ങുന്നത് സുരക്ഷിതമല്ലെന്നും സുരക്ഷിത  സ്ഥാനങ്ങളിലേക്ക് മാറാനും സംഘം സമീപവാസികളോട് നിർദേശിച്ചു. വിഷയം സംബന്ധിച്ച് ജില്ലാ ഫയർ ഓഫീസർക്കും ഫയർ ആൻഡ് റെസ്‌ക്യൂ ഡയറക്ടർ ജനറലിനും റിപ്പോർട്ട് നൽകും. 

റിപ്പോർട്ട് അവലോകനം ചെയ്തതിന് ശേഷം സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് സുരക്ഷ സംബന്ധിച്ച് കൃത്യമായ പദ്ധതി ആവിഷ്‌കരിക്കും. ഇതിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് സ്ഥല പരിശോധനയെന്ന് ഫയർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ അറിയിച്ചു. ഡി ടി പി സി പാർക്കിലും സ്വകാര്യ സ്ഥലത്തുമായി രണ്ട് ഭാഗങ്ങളിലാണ് കോട്ടക്കുന്നിൽ വിള്ളലുള്ളത്. 

കൂടാതെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പുതുതായി നീർച്ചാലും രൂപപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്തിന് മുകളിലായി സ്വകാര്യ വ്യക്തി മണ്ണ് മാന്തിയന്ത്രമുപയോഗിച്ച് റോഡും വെട്ടിയിട്ടുണ്ട്.ഏറിയ ഭാഗവും ചെങ്കൽ പാറ മാന്തിയെടുത്താണ് റോഡിനായി വിനിയോഗിച്ചിരിക്കുന്നത്. ഈമാസം 17ന് ജിയോളജി, റവന്യു, നഗരസഭാ സംഘവും കഴിഞ്ഞ ദിവസം പി ഉബൈദുല്ല എം എൽ എയും സ്ഥലം സന്ദർശിച്ചിരുന്നു.

മലപ്പുറം കോട്ടക്കുന്നിൽ നിന്ന് താമസക്കാരെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ കലക്ടർ അടിയന്തിര നിർദേശം നൽകിയിരുന്നു. കോട്ടക്കുന്ന് അമ്യൂസ്മെന്റ് പാർക്കിൽ 2019-ലെ  വിള്ളൽ കൂടുതൽ വികസിച്ച് അപകട  സാധ്യതയുണ്ടെന്ന വിലയിരുത്തിയതിനെ തുടർന്നായിരുന്നു നടപടി. മലപ്പുറം നഗരസഭാ അധികൃതരുമായും ജനപ്രതിനിധികളുമായും  ബന്ധപ്പെട്ട് പ്രദേശത്തെ താമസക്കാരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ ഏറനാട് തഹസിൽദാർക്ക് നിർദേശം നൽകി.

Follow Us:
Download App:
  • android
  • ios