Asianet News MalayalamAsianet News Malayalam

പൊലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു, ജീപ്പ് തല്ലിത്തകര്‍ത്ത് അക്രമി സംഘം പ്രതിയെ രക്ഷപ്പെടുത്തി

പ്രതി താമസിക്കുന്ന വീടിന്റെ 50 മീറ്റർ എത്തിയപ്പോഴേക്കും പൊലീസിന് നേർക്ക് ഒരു കൂട്ടം അക്രമികൾ  ആദ്യം കല്ലെറിഞ്ഞു. തുടർന്ന് ജീപ്പിന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നെന്ന്  പൊലീസ് പറഞ്ഞു. 

criminals attack police jeep in thiruvananthapuram
Author
Thiruvananthapuram, First Published Dec 25, 2020, 10:46 AM IST

തിരുവനന്തപുരം: തിരുവല്ലത്ത് അക്രമിസംഘം  പൊലീസ് ജീപ്പ് ആക്രമിച്ച് പ്രതികളെ രക്ഷപ്പെടുത്തി. വണ്ടിത്തടം ശാന്തിപുരം ജംഗ്ഷനു സമീപം പാപ്പാൻ ചാണി റോഡിൽ ഇന്നലെ രാത്രി 7 ഓടെയാണ് സംഭവം. നഗരത്തിൽ തുണിക്കടകളിൽ അടുത്തിടെ നടന്ന മോഷണം, കഞ്ചാവ് കച്ചവടം എന്നിവയുമായി ബന്ധപ്പെട്ട് ശ്രുതിയെന്ന പ്രതിയെ കഴിഞ്ഞ ദിവസം ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. 

അന്വേഷണത്തിൽ കൂട്ടുപ്രതിയായ ശാന്തിപുരം നന്ദു  വണ്ടിത്തടം പാപ്പാൻചാണിയിൽ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയാണെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയെയും കൂട്ടി പൊലിസ് പാപ്പാൻചാണിയിലെ ശാന്തിപുരത്ത് എത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. പ്രതി താമസിക്കുന്ന വീടിന്റെ 50 മീറ്റർ എത്തിയപ്പോഴേക്കും പൊലീസിന് നേർക്ക് ഒരു കൂട്ടം അക്രമികൾ  ആദ്യം  കല്ലെറിഞ്ഞു. 

തുടർന്ന് ജീപ്പിന് നേരെ പെട്രോൾ ബോംബ് എറിയുകയായിരുന്നെന്ന്  പൊലീസ് പറഞ്ഞു. ആക്രമണത്തെ തുടർന്ന് പോലീസുകൾ  ഓടി മാറുന്നതിനിടെ  പൊലീസ് കൊണ്ടുവന്ന പ്രതി രക്ഷപ്പെടുകയായിരുന്നു. 20 ഓളം വരുന്ന അക്രമികൾ പൊലീസ് ജീപ്പ്  നശിപ്പിച്ചു. സമീപ വീടുകളിൽ അഭയം തേടിയ തിരുവല്ലം എസ്.ഐ നിധിൻ മറ്റു സിവിൽ പൊലീസ് ഉദ്യോഗസ്ഥരെയും പിന്നീട് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് രക്ഷപ്പെടുത്തിയത്. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായി തിരുവല്ലം പൊലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios