Asianet News MalayalamAsianet News Malayalam

മലപ്പുറം ജില്ലയിൽ സിആർപിസി 144 പ്രഖ്യാപിച്ചു; മാർച്ച് 31 അർധരാത്രി വരെ പ്രാബല്യം

നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ ഐ.പി.സി -269,188, 270, കേരള പൊലീസ് ആക്ട് 120(ഒ) പ്രകാരമുള്ള നടപടികൾ ജില്ലാ  പൊലിസ് മേധാവി  സ്വീകരിക്കും. 

crpc 144 announced in malappuram district on covid 19
Author
Malappuram, First Published Mar 23, 2020, 8:39 PM IST

മലപ്പുറം: കോവിഡ് 19 ഭീഷണി നിലനിൽക്കുന്ന അടിയന്തര സാഹചര്യത്തിൽ മലപ്പുറം ജില്ലാ കലക്ടർ ജാഫർ മലിക് ക്രിമിനൽ പ്രൊസീജിയർ കോഡ് (സിആർപിസി) സെക്ഷൻ 144 പ്രഖ്യാപിച്ചു. ഉത്തരവിന്  മാർച്ച് 23 മുതൽ മാർച്ച് 31 അർധ രാത്രി വരെ പ്രാബല്യമുണ്ടാകും.  

നിബന്ധനകൾ ലംഘിക്കുന്നവർക്കെതിരെ ഐ.പി.സി -269,188, 270, കേരള പൊലീസ് ആക്ട് 120(ഒ) പ്രകാരമുള്ള നടപടികൾ ജില്ലാ  പൊലിസ്  മേധാവി  സ്വീകരിക്കും. ഇക്കാര്യങ്ങൾ ഉറപ്പു വരുത്തുന്നതിനായി താലൂക്ക് തഹസിൽദാർമാരായ  എക്സിക്യൂട്ടിവ് മജിസ്ട്രേട്ടുമാർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എക്സിക്യൂട്ടിവ് മജിസ്ട്രേട്ടുമാരുടെ പ്രവർത്തങ്ങളുടെ  ഏകോപനം അഡീഷണൽ ജില്ലാ മജിസ്ട്രേട്ടും, എസ്.എച്ച് ഒ മാരുടെ പ്രവർത്തങ്ങളുടെ  ഏകോപനം ജില്ലാ പൊലിസ്  മേധാവിയും  നിർവ്വഹിക്കും.

സിആര്‍പിസി സെക്ഷൻ 144 പ്രകാരം പാലിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
1. ജില്ലയിൽ ഒരു സ്ഥലത്തും അഞ്ചിലധികം ആളുകൾ കൂട്ടം കൂടി നിൽക്കുവാൻ പാടില്ല.

2. സ്‌കൂളുകൾ,  കോളെജുകൾ, മറ്റെല്ലാ വിദ്യാഭ്യാസ  സ്ഥാപനങ്ങൾ, മതപഠന  കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ ക്ലാസ്സുകൾ, ചർച്ചകൾ, ക്യാമ്പുകൾ, പരീക്ഷകൾ, ഇന്റർവ്യൂകൾ, ഒഴിവുകാല  വിനോദങ്ങൾ, ടൂറുകൾ എന്നിവ  സംഘടിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു

3. ആശുപത്രികളിൽ  സന്ദർശകർ, കൂട്ടിരിപ്പുകാർ  ഒന്നിലധികം പേർ എത്തുന്നത് എന്നിവ നിരോധിച്ചിരിക്കുന്നു.

4. ടൂർണ്ണമെന്റുകൾ, മത്സരങ്ങൾ, വ്യായാമ കേന്ദ്രങ്ങൾ, ജിംനേഷ്യം, ടർഫ് ഗ്രൗണ്ടുകൾ മുതലായവ പ്രവർത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു.

5. എല്ലാത്തരം പ്രകടനങ്ങൾ, ധർണ്ണകൾ, മാർച്ചുകൾ, ഘോഷയാത്രകൾ, ഉത്സവങ്ങൾ ആരാധനാലയങ്ങളിലെ പ്രത്യേക പ്രാർത്ഥനകൾ/ കൂട്ട പ്രാർത്ഥനകൾ എന്നിവ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.

6. ഹാർബറുകളിലെ മത്സ്യലേല നടപടികൾ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.  പകരമായി സർക്കാർ നിർദ്ദേശിക്കുന്ന മാനദണ്ഡപ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിശ്ചയിക്കുന്ന നിരക്കിൽ മത്സ്യ വിൽപ്പന നടത്തേണ്ടതാണ്. മത്സ്യ വിൽപനയുമായി ബന്ധപ്പെട്ട് യാതൊരു കാരണവശാലും അഞ്ച് പേരിൽ കൂടുതൽ ഒരേ സമയം ഒരു  കേന്ദ്രത്തിൽ കൂട്ടം  കൂടുവാൻ പാടുള്ളതല്ല.

7. എല്ലാ ടൂറിസം  കേന്ദ്രങ്ങളിലേയ്ക്കും,  ബീച്ചുകളിലേയ്ക്കുമുള്ള  സഞ്ചാരികളുടെ  പ്രവേശനം നിരോധിച്ചിരിക്കുന്നു.      

8. വിവാഹങ്ങളിൽ ഒരേസമയം  പത്തിൽ കൂടുതൽ പേർ ചടങ്ങ്  നടക്കുന്ന സമയത്ത് ഉണ്ടാകുവാൻ പാടില്ല. വിവാഹ തിയ്യതിയും  സ്ഥലവും മുൻകൂട്ടി ബന്ധപ്പെട്ട വില്ലേജാഫീസിലും  പോലിസ് സ്റ്റേഷനിലും അറിയിക്കേണ്ടതാണ്. ചടങ്ങുകൾ വീട്ടിൽ തന്നെ  നടത്തുവാൻ ശ്രമിക്കേണ്ടതാണ്.

9.'ബ്രെയ്ക് ദ ചെയിൻ' ഉറപ്പ്  വരുത്തുന്നതിനായി എല്ലാ  വ്യാപാര സ്ഥാപനങ്ങലിലും ഹോട്ടലുകളിലും ഉപഭോക്താക്കൾക്കായി  സോപ്പും  സാനിട്ടൈസറും പ്രവേശന  കവാടത്തിൽ  സജ്ജീകരിക്കേണ്ടതാണ്.

10. വൻകിട ഷോപ്പിംഗ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ മറ്റ് മാർക്കറ്റുകൾ എന്നിവയിലുള്ള  കേന്ദ്രീകൃത  ഏയർ കണ്ടീഷൻ സംവിധാനം  നിർത്തി വെയ്ക്കേണ്ടതും  പകരം  ഫാനുകൾ ഉപയോഗിക്കേണ്ടതുമാണ്.  ഇത്തരം സ്ഥലങ്ങളിൽ വ്യക്തികൾ തമ്മിൽ ചുരുങ്ങിയത് ഒരു മീറ്റർ അകലം  പാലിക്കുന്ന  തരത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. ഫോണിൽക്കൂടി  ഓർഡറുകൾ സ്വീകരിച്ച് അവശ്യ സാധനങ്ങൾ ഉപഭോക്താക്കളുടെ വീടുകളിലേയ്ക്ക് വിതരണം ചെയ്യുന്നതിനുള്ള  നടപടികൾ സ്വീകരിക്കേണ്ടതാണ്. 

Follow Us:
Download App:
  • android
  • ios