നടപടി ആവശ്യപ്പെട്ട് എടവണ്ണ പൊലീസില്‍ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. എടവണ്ണ പൊലീസ് ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥിയുടെ മൊഴിയെടുത്തു.

മലപ്പുറം : തിരുവാലി ഹിക്മിയ്യ സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിയ്ക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമര്‍ദ്ദനം (Cruel Attack). പത്തപ്പിരിയം സ്വദേശിയായ വിദ്യാര്‍ത്ഥി (Student) വി പി അര്‍ഷാദിനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടമായി എത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. കോളേജിലെ ബി.കോം ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി പറയുന്നത്. 

ബുധനാഴ്ച വൈകീട്ടോടെയാണ് മര്‍ദ്ദനമേറ്റത്. ഉച്ചസമയത്ത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോമിന്റെ ബട്ടണ്‍ ഇടാന്‍ ആവശ്യപ്പെട്ടതായും അര്‍ഷാദ് പറയുന്നു. ആ പ്രശ്‌നം അപ്പോള്‍ തന്നെ അദ്ധ്യാപകര്‍ ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങവേ മുപ്പതോളം വരുന്ന സീനിയർ വിദ്യാര്‍ത്ഥികളെത്തി സ്‌കൂളിന്റെ ഗേറ്റ് അടച്ച് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അര്‍ഷാദ് പറഞ്ഞു. നടപടി ആവശ്യപ്പെട്ട് എടവണ്ണ പൊലീസില്‍ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. എടവണ്ണ പൊലീസ് ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥിയുടെ മൊഴിയെടുത്തു.