പത്തനംതിട്ട: വള്ളിക്കോട് സർക്കാർ ഭൂമി കയ്യേറി അനധികൃത ഖനനം നടത്തിയതിന് പിഴ ശിക്ഷ നേരിടേണ്ടി വന്ന ക്രഷർ കന്പനി പാട്ടത്തിന് ഭൂമി കിട്ടാൻ വീണ്ടും അപേക്ഷ നൽകി. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള തുടിയുരുളി പാറയിലെ 20 ഏക്കറിലെ ഖനനത്തിനായാണ് അപേക്ഷ നൽകിയത്. റവന്യൂ വകുപ്പ് നിശ്ചയിച്ച പിഴ ഒടുക്കാൻ ഇതുവരെ കന്പനി തയ്യാറായിട്ടില്ല.

വള്ളിക്കോട് കോട്ടയത്താണ് അംബാടിയിൽ ഗ്രാനൈറ്റ്സ്, ജെ ആൻഡ് എസ് ഗ്രാനൈറ്റ്സ് എന്നിവരാണ് ക്വാറിക്ക് അനുമതി തേടിയിരിക്കുന്നത്. നിലവിൽ ഒരു ഹെക്ടറിലാണ് കമ്പനിക്ക് ക്വാറി നടത്താൻ അനുമതി ഉള്ളത്. പുതുതായി നൽകിയ അപേക്ഷയിൽ സർക്കാർ പുറംപോക്കും ഉൾപ്പെടുന്നു. വിവരാവകാശ നിയമ പ്രകാരം വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ച മറുപടി അനുസരിച്ച് ക്വാറി ഉടമകളുടെ കൈവശമുള്ളത് തോട്ടഭൂമിയാണ്. 

തോട്ടഭൂമിയിൽ ഖനനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. സർക്കാർ പുറംപോക്ക് കൈയ്യേറി വൻ തോതിൽ കമ്പനി പാറപൊട്ടിച്ചെന്ന് റവന്യൂ ജിയോളജി വകുപ്പുകൾ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ നാല് കോടി 56 ലക്ഷത്തിലേറെ രൂപ പിഴ ഇട്ടിരുന്നു. പിന്നീടിത് രണ്ട് കോടി 89 ലക്ഷമാക്കി ഭൂരേഖ തഹസിൽദാർ കുറച്ചു കൊടുത്തു. ക്വാറി ഉടമ ഹൈക്കോടതിയിൽ പോയി പിഴ തുക ഒടുക്കുന്നതിൽ സ്റ്റേ നേടി. 2018ൽ പാട്ടക്കാലവധി കഴിഞ്ഞ സ്ഥലത്ത് പാറഖനനം നടത്തിയത് സംബന്ധിച്ചും കേസുണ്ട്. 

തോട്ട ഭൂമിയാണെന്ന കാരണത്താൽ ഖനനത്തിനുള്ള അപേക്ഷ പ്രമാടം പഞ്ചായത്ത് നിരാകരിച്ചിരുന്നു. റവന്യൂ, ജിയോളജി വകുപ്പുകൾ നടത്തിയ സർവ്വെയിൽ സർക്കാർഭൂമിയും , പാറപൊട്ടിക്കാൻ അനുമതി നൽകിയ ഭൂമിയും തമ്മിൽ തിരിച്ചറിയാനാകാത്തവിധം ഖനനം നടന്നതായും കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ഖനനം നടത്തിയതിന് ഭൂസംരക്ഷണ നിയമ പ്രകാരം സീനിയറേജ് തുക ഒടുക്കാനും തയ്യാറായില്ല.