Asianet News MalayalamAsianet News Malayalam

മാവേലിക്കരയിലെ വ്യാപാരശാല പ്രതി കത്തിച്ചത് മദ്യലഹരിയില്‍; 50 ലക്ഷം രൂപയിലേറെ നഷ്ടം

 ഈ സമയം സ്ഥാപനത്തിനുള്ളിൽ നാല് ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും  ഇവർ വലിയ ശബ്ദം കേട്ടതിനെ തുടർന്ന് ഉണർന്ന്  രക്ഷപെടുകയായിരുന്നു. വ്യാപാരശാല പൂർണമായും കത്തി നശിച്ചു

culprit arrested for burning shop in mavelikkara
Author
Mavelikara, First Published Jan 19, 2019, 9:13 PM IST

മാവേലിക്കര: നഗര മധ്യത്തിൽ വ്യാപാരശാല കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലം ഇരവിപുരം തെക്കേവിള വയലിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ചന്ദ്രബാബു (63) ആണ് മാവേലിക്കര പൊലീസിന്‍റെ പിടിയിലായത്. കക്കൂസ് ശുചിയാക്കുന്ന ജോലിയും ആക്രി പെറുക്കലും മറ്റുമായി കഴിഞ്ഞ ആറു മാസത്തിലേറെയായി മാവേലിക്കര നഗരത്തിൽ ചുറ്റിത്തിരിയുന്ന ഇയാൾ നഗരത്തിലെ കടത്തിണ്ണകളിലാണ് അന്തിയുറങ്ങുന്നത്.

സംഭവ ദിവസം മലവിസർജ്ജനത്തിനായി കോടിക്കൽ ഗാർഡൻസ് ഗ്രൗണ്ടിലേക്ക് പോയ ഇയാൾ വ്യാപാരശാലയുടെ പിന്നിൽ കൂട്ടിയിട്ടിരുന്ന മാലിന്യം മദ്യലഹരിയിൽ കത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മാവേലിക്കരയിലെത്തും മുമ്പ് ഹരിപ്പാട് ടൗൺ പരിസരത്തായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്.

കത്തിക്കാനുള്ള കാരണം വ്യക്തമല്ല. മിച്ചൽ ജംഗ്ഷന് പടിഞ്ഞാറ് മാറി കോടിക്കൽ ഗാർഡൻസ് ഗ്രൗണ്ടിൽ അടുത്തിടെ ആരംഭിച്ച മെഗാലാഭമേളയുടെ  താത്കാലിക വ്യാപാര ശാല ജനുവരി 15ന് പുലർച്ചെ 1.10നാണ്  അഗ്നിക്കിരയായത്.  ഈ സമയം സ്ഥാപനത്തിനുള്ളിൽ നാല് ജീവനക്കാർ ഉണ്ടായിരുന്നെങ്കിലും  ഇവർ വലിയ ശബ്ദം കേട്ടതിനെ തുടർന്ന് ഉണർന്ന് രക്ഷപെടുകയായിരുന്നു.

വ്യാപാരശാല പൂർണമായും കത്തി നശിച്ചു. ഈരാറ്റുപേട്ട സ്വദേശി അബു നിദാൽ, ചങ്ങനാശേരി സ്വദേശി ഷിയാസ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് വ്യാപാരശാല. ചെങ്ങന്നൂർ, മാവേലിക്കര, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനാവിഭാഗങ്ങളുടെ  അഞ്ച് യുണിറ്റുകൾ എട്ടു തവണ  വെള്ളം പമ്പ് ചെയ്ത് മൂന്നു മണിക്കൂറുകൾ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. 50 ലക്ഷം രൂപയിലേറെ നഷ്ടുണ്ടായതായി പൊലീസ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios