കോഴിക്കോട് സൗത്ത് ബീച്ചില്‍ ഒരാള്‍ കടലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുന്നതായി കോഴിക്കോട് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമായത്. വിവരം ലഭിച്ച ഉടന്‍ എലത്തൂര്‍, ടൗണ്‍, കണ്‍ട്രോള്‍ റൂം വിഭാഗങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

കോഴിക്കോട്: കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടെത്തി കടലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവിനെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥര്‍. കോഴിക്കോട് സൗത്ത് ബീച്ചില്‍ നടന്ന സംഭവത്തില്‍ എറണാകുളം സ്വദേശിയായ യുവാവിനെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്. തുടർന്ന് ഏറെ നേരം യുവാവുമായി സംസാരിച്ച് മാനസികമായി പിന്തുണ നല്‍കിയ പൊലീസ്, തുടര്‍ന്ന് നാട്ടിലേക്ക് ട്രെയിനില്‍ മടക്കി അയക്കുകയും ചെയ്തു.

കോഴിക്കോട് സൗത്ത് ബീച്ചില്‍ ഒരാള്‍ കടലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുന്നതായി കോഴിക്കോട് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമായത്. വിവരം ലഭിച്ച ഉടന്‍ എലത്തൂര്‍, ടൗണ്‍, കണ്‍ട്രോള്‍ റൂം വിഭാഗങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. കടലില്‍ ചാടിയ യുവാവിനെ കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യം ഇയാളുടെ സുരക്ഷ ഉറപ്പാക്കുകയും തുടര്‍ന്ന് സംസാരിച്ച് സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു.

മദ്യലഹരിയിലായിരുന്ന യുവാവ് എറണാകുളം സ്വദേശിയാണെന്നും നാട്ടില്‍ കുടുംബവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് വീടുവിട്ട് എത്തിയതാണെന്നും പൊലീസിനോട് പറഞ്ഞു. കുടുംബപ്രശ്‌നങ്ങളില്‍ മാനസികമായി തളര്‍ന്നിരുന്ന യുവാവ് നാട്ടിലേക്ക് മടങ്ങില്ലെന്നും ജീവനൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. എന്നാല്‍, യുവാവിന്റെ അവസ്ഥ മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഏറെ നേരം സംസാരിക്കുകയായിരുന്നു. ഇയാളെ ശാന്തനാക്കുകയും നാട്ടിലേക്ക് മടങ്ങാന്‍ സമ്മതിപ്പിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ തുടര്‍നടപടികളുടെ ഭാഗമായി ഇയാളെ റെയില്‍വേ സ്റ്റേഷനിലെത്തിച്ച് ട്രെയിനില്‍ കയറ്റി വിടുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ വിവിധ പൊലീസ് വിഭാഗങ്ങള്‍ ഏകോപിതമായി പ്രവര്‍ത്തിച്ചതും യുവാവുമായി ക്ഷമയോടെ സംസാരിച്ച് വിശ്വാസത്തിലെടുത്തതും രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

എലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍, സിവില്‍ പൊലീസ് ഓഫീസര്‍ വൈശാഖ്, ഹോം ഗാര്‍ഡ് ഷാജി, ടൗണ്‍ പൊലീസ് സ്റ്റേഷന്‍ അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ മഹേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുമീജ് , സിവില്‍ പൊലീസ് ഓഫീസര്‍ അബ്ദുള്‍ ഹക്കീം, കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ശ്രീജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിബുലേഷ്, രാഹുല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)