ചാകര... ചാകര... കടപ്പുറത്തിൻ ഉത്സവമായ്! ട്രോളിങ് കഴിഞ്ഞ് കടലിൽ പോയിവന്ന ബോട്ടുകളിൽ ചാകരക്കോള്!
പിന്നീടെത്തിയ ബോട്ടുകളും കണച്ചാകരയുമായി എത്തിയതോടെ തീരം കണവകൊണ്ട് നിറഞ്ഞു.
കൊല്ലം: ട്രോളിങ് നിരോധനം കഴിഞ്ഞ ശേഷം കടലിലേക്ക്പോയി തിരിച്ചുവന്ന ബോട്ടുകൾ തിരിച്ചെത്തിയത് നിറയെ കണവയുമായി. കൂട്ടത്തിൽ കയറ്റുമതി മത്സ്യമായ പോക്കണവയും ഒട്ടുകണവയും ഏറെ ലഭിച്ചു. ആര്‍പ്പുവിളികളോടെയാണ് ബോട്ടുകളെ തീരം വരവേറ്റത്. ബോട്ടുകൾ നിറയെ കണവ നിറഞ്ഞതോടെ തീരം വലിയ ആവേശത്തിലായി. ആദ്യമെത്തിയ ബോട്ടുകളിലെ കോള് കണ്ട് വലിയ ആവേശമാണ് തുറമുഖത്ത് ഉണ്ടായത്. പിന്നീടെത്തിയ ബോട്ടുകളും കണച്ചാകരയുമായി എത്തിയതോടെ തീരം കണവകൊണ്ട് നിറഞ്ഞു.
അതേസമയം ചാകരക്കോളിലും ബോട്ടുകൾ നേരിടുന്ന ചില പ്രതിസന്ധികൾ പങ്കുവയ്ക്കുന്നുണ്ട് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. ആദ്യം വന്ന ബോട്ടുകൾക്ക് കിലോയ്ക്ക് 340 രൂപവരെ വില ലഭിച്ചു.പിന്നീട് വന്ന ബോട്ടുകൾക്ക് വില കുറവാണ് കിട്ടിയത്. മറ്റ് തുറമുഖങ്ങളിൽ വില കുറഞ്ഞില്ലെന്നും ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നു. ആഴ്ചയോളം കഴിഞ്ഞെത്തുന്ന ബോട്ടുകൾ വിലക്കുറവിലും മത്സ്യം വിൽക്കുമെന്നത് ഇടനിലക്കാര്‍ മുതലാക്കുന്നതായും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പീറ്റർ മത്യാസ് പറഞ്ഞു.
ഏഴുദിവസം കടലിൽ മീൻ പിടിക്കാനായി നാലരലക്ഷം വരെ ചെലവുവരും. പത്തുലക്ഷംവരെ രൂപയുടെ മീൻ വിറ്റുകിട്ടുന്ന ബോട്ടുകളാണ് ഉള്ളത് അഞ്ചിന് മുകളിൽ കിട്ടിയില്ലെങ്കിൽ ബോട്ട് നഷ്ടം നേരിടും. ഇറ്റലി മുതലായ രാജ്യങ്ങളിൽ ഏറെ ആവശ്യക്കാരുള്ള വിഭവമാണ് പേക്കണവയും ഒട്ടുകണവയും. ഒട്ടുകണവയ്ക്ക് 240 ആയിരുന്നു ആദ്യം കിട്ടിയ വില. പിന്നീടതും കുറഞ്ഞ് 200 ആയെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം