കോഴിക്കോട്: നാളത്തെ കേരളം ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തിനായി ഗ്രീന്‍ കെയര്‍ മിഷന്‍ ഗ്രാന്‍ഡ് സൈക്കിള്‍ ചലഞ്ചിന്‍റെ നേതൃത്വത്തില്‍ സൈക്കിള്‍ യാത്ര. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നടത്തുന്ന തീരദേശ സൈക്കിള്‍ യാത്രക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. എക്സൈസ് വകുപ്പിന്‍റെ കീഴില്‍ വിമുക്തി മിഷന്‍റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന 90 ദിന തീവ്ര ബോധവത്ക്കരണ പരിപാടിയുടെ പ്രചരണാര്‍ത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്.

ഗ്രീന്‍ കെയര്‍ മിഷന്‍ ഗ്രാന്‍ഡ് സൈക്കിള്‍ ചലഞ്ചിന്‍റെ നേതൃത്വത്തില്‍ നടത്തിയ സ്വീകരണത്തില്‍ ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കോഴിക്കോട് ജില്ലാ മിഷന്‍ ഒരുക്കിയ മെഗാ റാലിയുടെ സമാപനവും കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി ഉദ്ഘാടനം  ചെയ്തു. മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കൈപ്പിടിയിലൊതുങ്ങി പോകുന്ന യുവതലമുറയെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ലഹരിക്കെതിരായ ശക്തമായ ക്യാമ്പയിന്‍ നമുക്കാവശ്യമാണ്. വിദ്യാര്‍ഥികള്‍ക്കിടയില്‍ വലിയ തോതില്‍ ലഹരി ഉപയോഗം കടന്നു വരികയാണ്. അത് മറ്റുള്ളവരിലേക്കും പകര്‍ന്നു നല്‍കാനുള്ള പ്രവണതയുണ്ട്. അതിനെതിരെ ശക്തമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ബാബു പറശേരി പറഞ്ഞു. 

ലഹരി മുക്ത ജില്ലയായി  കോഴിക്കോടിനെ മാറ്റുകയാണ് പ്രധാന ലക്ഷ്യമെന്ന് കലക്ടര്‍ എസ് സാംബശിവറാവു പറഞ്ഞു. ജില്ലയില്‍ പൊലീസ്, എക്‌സൈസ് വകുപ്പുകള്‍ സംയുക്തമായി ക്വിക്ക് റസ്‌പോണ്‍സ് ടീം ഉണ്ടാക്കും. ഒരു ഹെല്‍പ്പ് ലൈനും സ്‌കൂളുകള്‍ കേന്ദ്രമാക്കി ഒരു നോഡല്‍ ഓഫീസറും ഉണ്ടാകും. ലഹരി വസ്തുക്കള്‍  ഉപയോഗിക്കുന്നത്  കണ്ടെത്തിയാല്‍ ഉടനടി നടപടിയുണ്ടാകുമെന്നും ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും ചേര്‍ന്ന് ഡി അഡിക്ഷന്‍ സെന്റര്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും കലക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ ലഹരി ഉപയോഗിക്കുന്നത് പ്രശ്‌നമായി മാറുകയാണ്. കുട്ടികളും രക്ഷിതാക്കളും വളരെ ഗൗരവത്തോടെ ലഹരി ഉപയോഗത്തെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ലഹരിക്കെതിരായുള്ള പ്രവര്‍ത്തനങ്ങള്‍ മാധ്യമങ്ങള്‍ ജനങ്ങളിലേക്കെത്തിക്കണം. ലഹരി വസ്തുക്കള്‍ക്ക് അപ്പുറം ജീവിതലഹരി നല്‍കുന്ന ഒത്തിരി കാര്യങ്ങള്‍ വേറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി ആര്‍ അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. 

വിമുക്തി മിഷന്‍  മാനേജര്‍ ജയപ്രകാശ്, അസിസ്റ്റന്റ് കമ്മീഷണര്‍ പ്രേംകൃഷ്ണ, എക്സൈസ് ഇന്‍സ്പെക്ടര്‍ ഗിരീഷ്, ഗ്രീന്‍ കെയര്‍ മിഷന്‍ ചെയര്‍മാന്‍ കെ ടി എ നാസര്‍, ഭാരത് സ്‌കൗട്ട് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ സൈഫുദ്ധീന്‍ കെഎം, ജില്ലാ സെക്രട്ടറി ബിജു എ പി, ഷീല ജോസഫ്, അബ്ദുല്‍ അസീസ്, സാജിദ് ചോല  തുടങ്ങിയവര്‍  സംബന്ധിച്ചു. ലഹരിക്കെതിരെ  സൈക്കിള്‍ ലഹരി എന്ന സന്ദേശവുമായി  നവംബര്‍ 30 മുതല്‍ ഡിസംബര്‍ 4 വരെ നടത്തുന്ന തീരദേശ സൈക്കിള്‍ റാലിക്കു ഗ്രീന്‍ കെയര്‍ മിഷന്‍ ഗ്രാന്‍ഡ് സൈക്കിള്‍ ചലഞ്ച് കോഡിനേറ്റര്‍ സാഹിര്‍ അബ്ദുല്‍ ജബ്ബാര്‍, യു.എ.ഇ കോര്‍ഡിനേറ്റര്‍ സലീം വലിയപറമ്പില്‍, ശാഹുല്‍ ബോസ്‌ക്, നാസര്‍ തിരുനാവായ  എന്നിവരാണ്  നേതൃത്വം നല്‍കുന്നത്. ഇവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കലക്ടറും ചേര്‍ന്ന് ആദരിച്ചു. കോഴിക്കോട് ജില്ലയിലെ 150 ഭാരത് സ്‌കൗട്ട് വളന്റിയര്‍മാര്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍, സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കാളികളായി.