കൊച്ചി: എറണാകുളം ഏലൂരിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം. കാറ്റിൽ മരങ്ങൾ വീണ് നിരവധി വീടുകൾ തകർന്നു. പ്രദേശത്തെ വൈദ്യുത വിതരണം പൂർണമായും തകരാറിലായി.

ഏലൂർ നഗരസഭാ പരിധിയിലെ 12,17,19 വാർഡുകളിലാണ് ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചത്. അഞ്ച് മിനിട്ട് നീണ്ടുനിന്ന ചുഴലിക്കാറ്റ് പ്രദേശത്ത് കനത്ത നാശനഷ്ടം വിതച്ചു. തെങ്ങ് അടക്കമുള്ള മരങ്ങൾ കാറ്റിൽ കടപുഴകി വീണു. നിരവധി വീടുകൾ തകർന്നു. വാഹനങ്ങൾക്കും കേടുപാടുകൾ പറ്റി. വലിയ മഴയില്ലാതെ ഒരു പ്രത്യേക സ്ഥലത്ത് മാത്രം ചുഴലിക്കാറ്റ് വീശിയടച്ചതിന്‍റെ അമ്പരപ്പിലാണ് നാട്ടുകാർ. ഇത്രയും ശക്തമായ കാറ്റ് തങ്ങളുടെ ഓർമ്മയിൽ തന്നെ ആദ്യമെന്ന് പ്രദേശത്തെ മുതിർന്നവരും പറയുന്നു. 

ആർക്കും പരിക്കില്ലെങ്കിലും തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്. ചുഴലിക്കാറ്റിൽ 53 വീടുകൾ തകർന്നു. ഫാക്ടിന്‍റെ ക്വാർട്ടേഴ്സുകൾക്കും കേടുപാടുകളുണ്ടായി. നിരവധി വൈദ്യുത പോസ്റ്റുകളും തകർന്നു. ക്രെയിനിന്‍റെ സഹായത്തോടെയാണ് റോഡിലേയ്ക്ക് വീണ വലിയ മരങ്ങൾ നീക്കം ചെയ്തത്. ആലുവ, ഏലൂർ, എന്നിവിടങ്ങളിൽ നിന്ന് ഫയർ ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തി.