മഹാപ്രളയത്തിൽ ചിന്നാർ പുഴയിലൂടെ കുതിച്ചെത്തിയ വെള്ളം ജിജിയുടെ പശുത്തൊഴുത്തും വീടുമെല്ലാം മുക്കി. അടുത്ത വർഷവും ഇതാവർത്തിച്ചു. ഇരുപത് പശുക്കളും അവയുടെ കിടാക്കളും ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന ഈ തൊഴുത്തിലാണ്....

ഇടുക്കി: സർക്കാരും കേരള ബാങ്കും കൈവിട്ടതോടെ ഉപജീവന മാർഗ്ഗമായ പശു ഫാം അടച്ചു പൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ് ഇടുക്കിയിലെ ഒരു ക്ഷീര കർഷകൻ. ബെഥേൽ സ്വദേശി ജിജിക്കാണ് ഈ ദുർഗ്ഗതി. രണ്ടു പ്രളയത്തിലകപ്പെട്ടതും ഇടിഞ്ഞു വീഴാറായതുമായ ഫാം മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ സഹായത്തിനായാണ് ഇദ്ദേഹം മൂന്നു വർഷമായി ഓഫീസുകൾ കയറിയിറങ്ങുന്നത്.

മഹാപ്രളയത്തിൽ ചിന്നാർ പുഴയിലൂടെ കുതിച്ചെത്തിയ വെള്ളം ജിജിയുടെ പശുത്തൊഴുത്തും വീടുമെല്ലാം മുക്കി. അടുത്ത വർഷവും ഇതാവർത്തിച്ചു. പട്ടയമില്ലാത്ത മൂന്നു സെൻറ് ഭൂമിയിലാണ് വീടും തൊഴുത്തുമെല്ലാമുള്ളത്. ഇരുപത് പശുക്കളും അവയുടെ കിടാക്കളും ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന ഈ തൊഴുത്തിലാണ്. ഇവയെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റാനാണ് സഹായത്തിനായി സർക്കാരിനെ സമീപിച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടാകാതെ വന്നപ്പോൾ മന്ത്രിമാരെ നേരിൽകണ്ടു.

സ്ഥലം വാങ്ങി തൊഴുത്തും വീടും നിർമ്മിക്കാൻ വായ്പക്ക് കേരള ബാങ്കിനെ സമീപിച്ചപ്പോൾ സ്ഥലം കണ്ടെത്താൻ നിർദ്ദേശിച്ചു. ഇപ്പോൾ ഓരോ തവണ മഴ പെയ്യുമ്പോഴും പശുക്കളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റണം. ഇതിനും ഭാരിച്ച തുക ചെലവാകും. നിരവധി ഉദ്യോഗസ്ഥർ പരിശോധന നടത്തി അനുകൂല റിപ്പോർട്ട് നൽകിയിട്ടും നടപടി മാത്രം ഉണ്ടാകുന്നില്ല. മാസം തോറും അൻപതിനായിരം ലിറ്റർ പാൽ സൊസൈറ്റിയിൽ നൽകുന്നുണ്ട്. പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച വീട്ടിൽ ജീവൻ കയ്യിൽ പിടിച്ചാണിവരുറങ്ങുന്നത്.